ഈ സീസണിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡിഓർ പുരസ്കാരം അധികം വൈകാതെ പ്രഖ്യാപിക്കും. രണ്ട് താരങ്ങൾക്കാണ് ഇപ്രാവശ്യം ഏറ്റവും കൂടുതൽ സാധ്യത ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.അർജന്റീനയുടെ ക്യാപ്റ്റനായ ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ സെൻസേഷനായ ഏർലിംഗ് ഹാലന്റ് എന്നിവർ തമ്മിലാണ് പ്രധാനമായും ഈ ഗോൾഡൻ ബോളിന് വേണ്ടി പോരാട്ടം നടക്കുന്നത്.
വേൾഡ് കപ്പ് ജേതാവായ ലിയോ മെസ്സിയാണോ ചാമ്പ്യൻസ് ലീഗ് ജേതാവായ ഹാലന്റാണോ ബാലൺ ഡിഓർ നേടാൻ അർഹൻ എന്നത് ലോക ഫുട്ബോളിൽ ഇപ്പോൾ ചൂട് ഏറിയ തർക്ക വിഷയമാണ്. രണ്ടുപേരെയും പിന്തുണക്കാൻ ഒരുപാട് പേരുണ്ട്. എന്നാൽ ബ്രസീലിന്റെ ഇതിഹാസമായ റൊണാൾഡോക്ക് ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഒന്നുമില്ല. അദ്ദേഹം ലിയോ മെസ്സിക്കൊപ്പമാണ് നിലകൊള്ളുന്നത്.
മെസ്സി വേൾഡ് കപ്പ് നേടിയതിനാൽ ഈ സീസണിലെ ബാലൺ ഡിഓർ മെസ്സിക്ക് തന്നെ നൽകണം എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. വലിയ ടൂർണമെന്റ് വേൾഡ് കപ്പാണെന്നും അതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും റൊണാൾഡോ പറഞ്ഞു. മെസ്സിയാണ് ബാലൺ ഡിഓർ പുരസ്കാരം വിജയിക്കാൻ അർഹൻ. അദ്ദേഹം തന്നെ അത് നേടും എന്നാണ് ഞാൻ കരുതുന്നത്. മെസ്സി വേൾഡ് കപ്പ് കിരീടം നേടിയിട്ടുണ്ട്. അതാണ് ഏറ്റവും വലിയ ടൂർണമെന്റ്,ബ്രസീലിയൻ റൊണാൾഡോ പറഞ്ഞു.
ലോക ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ബാലൺ ഡിഓർ അവാർഡുകൾ നേടിയിട്ടുള്ള വ്യക്തിയാണ് ലിയോ മെസ്സി.7 തവണയാണ് മെസ്സി ഈ അവാർഡ് നേടിയിട്ടുള്ളത്. ഇത്തവണ ലഭിച്ചുകഴിഞ്ഞാൽ ഒന്നും കൂടെ തന്റെ റെക്കോർഡിലേക്ക് അദ്ദേഹം ആഡ് ചെയ്യും.പിന്നീട് മറ്റാർക്കെങ്കിലും ഈ റെക്കോർഡ് തകർക്കാൻ സാധിക്കുമോ എന്നത് സംശയം ഉണ്ടാക്കുന്ന കാര്യമാണ്.