മെസ്സി അർഹിക്കുന്നില്ല എന്ന് പറയുന്നില്ല,പക്ഷേ ബാലൺഡി’ഓർ,ഫിഫ ബെസ്റ്റ് എന്നിവയുടെ വിശ്വാസത നഷ്ടമായി:ക്രിസ്റ്റ്യാനോ റൊണാൾഡോ
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.മാത്രമല്ല ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സി തന്നെ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് നേടിയത്.2023 ഫിഫ ബെസ്റ്റ് മെസ്സി അർഹിച്ചിരുന്നുവോ എന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്ത് വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.ഹാലന്റാണ് ആ അവാർഡ് അർഹിച്ചത് എന്നത് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
അതുകൊണ്ടുതന്നെ ഫിഫ ബെസ്റ്റിന്റെ ക്രെഡിബിലിറ്റിക്കെതിരെ വലിയ വിമർശനങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. സുതാര്യമായ രീതിയിൽ ഈ പുരസ്കാരങ്ങൾ നൽകണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. മെസ്സി തികച്ചും അനർഹമായ പുരസ്കാരം നേടിയതോടുകൂടി ഇതിന്റെ വിശ്വാസതയെ ചോദ്യം ചെയ്തുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിലേക്ക് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടി കടന്നു വന്നിട്ടുണ്ട്.
അതായത് ബാലൺഡി’ഓർ,ഫിഫ ബെസ്റ്റ് തുടങ്ങിയ പുരസ്കാരങ്ങളുടെ വിശ്വാസത നഷ്ടമായി എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഇതിനർത്ഥം ലയണൽ മെസ്സി അർഹിക്കുന്നില്ല എന്നല്ല എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരർത്ഥത്തിൽ ബാലൺഡി’ഓർ,ഫിഫ ബെസ്റ്റ് തുടങ്ങിയ അവാർഡുകളുടെ ക്രെഡിബിലിറ്റി നഷ്ടമായിട്ടുണ്ട്. നമ്മൾ നിർബന്ധമായും ഒരു സീസൺ മൊത്തവും വിശകലനം ചെയ്യണം. ഞാൻ ഈ പറഞ്ഞതിനർത്ഥം ലയണൽ മെസ്സി ഈ പുരസ്കാരം അർഹിക്കുന്നില്ല എന്നല്ല. അതല്ലെങ്കിൽ എംബപ്പേ,ഹാലന്റ് എന്നിവരുടെ അർഹതയെക്കുറിച്ച് അല്ല.മറിച്ച് ഇത്തരം അവാർഡുകളിൽ എനിക്കിപ്പോൾ യാതൊരു വിശ്വാസവുമില്ല.ഞാൻ ഗ്ലോബ് സോക്കർ അവാർഡ് നേടിയത് കൊണ്ടല്ല ഇത് പറയുന്നത്.മറിച്ച് ഇതൊക്കെ യാഥാർത്ഥ്യങ്ങളാണ്.എന്നിൽ നിന്നും ഇത്തരം അവാർഡുകൾ എടുത്തുമാറ്റാൻ കഴിയില്ല. കാരണം എന്റെ നമ്പറുകൾ യാഥാർത്ഥ്യമാണ്, അത് എന്നെ സന്തോഷവാനാകുന്നു,ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തരം അവാർഡുകളിൽ ഇപ്പോൾ വിശ്വാസം വെച്ച് പുലർത്തുന്നില്ല എന്നത് അദ്ദേഹം തുറന്നു പറഞ്ഞു കഴിഞ്ഞു. എന്നാൽ തനിക്ക് ലഭിച്ചത് നമ്പറുകളെ അടിസ്ഥാനമാക്കിയാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുണ്ട്. അതായത് താൻ നേടിയത് ശരിയായ രീതിയിലുള്ളതാണ് എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.