കേരള ബ്ലാസ്റ്റേഴ്സ് കാത്തു കാത്തിരുന്ന ഒരു മത്സരമായിരുന്നു ഇന്നലെ അരങ്ങേറിയിരുന്നത്. പ്രതികാരദാഹത്തോടുകൂടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് മുന്നിൽ മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയിരുന്നത്. പ്രതികാരം തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു,അതും വളരെ മനോഹരമായ രീതിയിൽ തന്നെ. മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈയെ തോൽപ്പിച്ചത്.
ആദ്യ മത്സരത്തിൽ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അന്ന് ഒരുപാട് വിവാദങ്ങളും നടന്നിരുന്നു. പ്രഭീർ ദാസിനെ കഴുത്തിന് പിടിച്ച ഡിഫൻഡറായിരുന്നു മുംബൈ താരമായ റോസ്റ്റിൻ ഗ്രിഫിത്ത്സ്.തന്റെ പ്രവർത്തിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പുച്ഛിക്കുന്ന രൂപത്തിലുള്ള ഒരു മറുപടി അദ്ദേഹം നൽകുകയും ചെയ്തിരുന്നു. കൊച്ചിയിൽ നരകം തീർക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അവകാശപ്പെട്ടപ്പോൾ തനിക്ക് കാത്തിരിക്കാൻ വയ്യ എന്നായിരുന്നു പരിഹാസത്തോടെയുള്ള ഗ്രിഫിത്ത്സിന്റെ കമന്റ്.
എന്നാൽ ഇന്നലെ ഗ്രിഫിത്ത്സിന് പാളി.അദ്ദേഹത്തെ മറികടന്നുകൊണ്ട് പെപ്ര നൽകിയ പാസിലൂടെയായിരുന്നു ദിമി ഗോൾ നേടിയിരുന്നത്. മാത്രമല്ല പെപ്രയുടെ ആ മുന്നേറ്റത്തിനിടയിൽ ഗ്രിഫിത്ത്സിന് പരിക്കേൽക്കുകയും മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം കളിക്കളം വിടുകയും ചെയ്തു. ഏതായാലും ഈ മത്സരത്തിൽ തോൽവി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.യാതൊരുവിധത്തിലുള്ള ന്യായീകരണങ്ങൾക്കും താനില്ല എന്നാണ് ട്വിറ്ററിൽ അദ്ദേഹം കുറിച്ചത്.
ഇന്ന് കാര്യങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്ത പോലെ നടന്നില്ല. ഈ തോൽവിയിൽ എന്നെ സംബന്ധിച്ചിടത്തോളം യാതൊരുവിധ ന്യായീകരണങ്ങളും ഇല്ല. ആരാധകരുടെ ഇന്ററാക്ഷൻ എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്.ആരാധകരിൽ നിന്നും വളരെ താൽപര്യം ഉണ്ടാക്കുന്ന മെസ്സേജുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. സമയം കണ്ടെത്തുമ്പോൾ ഞാൻ അത് വായിക്കാം. മൊത്തത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ നേരുന്നു.ഇത് അവർക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്.ഞങ്ങൾ പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരും, മെറി ക്രിസ്മസ്,ഇതായിരുന്നു ഗ്രിഫിത്ത്സ് എഴുതിയിരുന്നത്.
മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ നിരവധി മെസ്സേജുകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ഈ താരത്തിന് ലഭിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല.സമയം കിട്ടുമ്പോൾ അതൊക്കെ വായിക്കാം എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. ഏതായാലും മറക്കാനാവാത്ത ഒരു അനുഭവമാണ് ഈ മുംബൈ സിറ്റി താരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്നലെ നൽകിയിട്ടുള്ളത്.