മുംബൈ സിറ്റിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ ക്രാറ്റ്ക്കി വളരെ നല്ല രൂപത്തിലാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.പ്രത്യേകിച്ച് ഇന്ത്യൻ യുവതാരങ്ങളെ മികച്ച രൂപത്തിൽ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.നിരവധി ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന് കീഴിൽ ഗോൾ നേടിക്കഴിഞ്ഞു. എന്നാൽ സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ ഒഡീഷയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു കൊണ്ട് മുംബൈ പുറത്താക്കുകയും ചെയ്തിരുന്നു.
മത്സരത്തിന്റെ അവസാനത്തിൽ ഒരുപാട് വിവാദ സംഭവങ്ങൾ നടന്നു. മുംബൈ സിറ്റിയുടെ പ്രതിരോധനിരയിലെ താരമായ റോസ്റ്റിൻ ഗ്രിഫിത്ത്സ് അച്ചടക്കം കുറവുള്ള താരമാണ് എന്നത് നേരത്തെ വ്യക്തമായ ഒന്നാണ്. കഴിഞ്ഞ മത്സരത്തിലെ സംഘർഷങ്ങളെ തുടർന്ന് അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നു. മാത്രമല്ല കളം വിട്ടു പോകുന്ന സമയത്ത് ആരാധകരോട് ഇദ്ദേഹം അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും അവരുടെ മൈതാനത്ത് വെച്ച് ഏറ്റുമുട്ടിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പ്രബീർ ദാസിന്റെ കഴുത്ത് പിടിച്ച് ഞെരിച്ച താരം കൂടിയാണ് ഈ ഡിഫൻഡർ. അന്ന് അത് വിവാദമായെങ്കിലും ആ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് ഗ്രിഫിത്സ് വരികയായിരുന്നു. ഏതായാലും താരവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. താരം ഉടൻ തന്നെ മുംബൈ സിറ്റി വിടുകയാണ്.
IFTWC യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി 31ആം തീയതി ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് അദ്ദേഹം ക്ലബ്ബ് വിടും. റൂമറുകൾ പ്രകാരം പരിശീലകൻ തന്നെയാണ് ഇതിന് ചരട് വലിച്ചിട്ടുള്ളത്. താരത്തിന്റെ അച്ചടക്കമില്ലായ്മ കോച്ച് ക്രാറ്റ്ക്കിയെ വളരെയധികം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റൂമറുകൾ. അതേസമയം സ്വയം ഇഷ്ടപ്രകാരമാണോ ഗ്രിഫിത്ത്സ് പോകുന്നത് എന്നുള്ളത് വ്യക്തമല്ല.
ഏതായാലും വിവാദങ്ങളുടെ നായകൻ മുംബൈ വിടുകയാണ്. അദ്ദേഹത്തിന് ഒരു പകരക്കാരൻ ക്ലബ്ബിൽ ഇല്ലെങ്കിലും ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അതൊന്നും പ്രശ്നമല്ല.ഗ്രിഫിത്ത്സ് മറ്റേതെങ്കിലും ഐഎസ്എൽ ക്ലബ്ബിന് അന്വേഷിക്കുമോ അതല്ലെങ്കിൽ ഇന്ത്യ തന്നെ വിടുമോ എന്നുള്ളതൊക്കെ നോക്കി കാണേണ്ട കാര്യമാണ്. വിവാദങ്ങൾ മാത്രം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ കളം വിടുന്നത്.