റോയ് കൃഷ്ണ ഒഡീഷ വിടുന്നു, സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യം, വെല്ലുവിളി ഉയർത്തുന്ന മറ്റു ക്ലബ്ബുകൾ ആരൊക്കെ?
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റോയ് കൃഷ്ണ.നിലവിൽ മികച്ച പ്രകടനം അദ്ദേഹം ലീഗിൽ നടത്തുന്നുണ്ട്. 12 ഗോളുകളും ഒരു അസിസ്റ്റുമാണ് ഐഎസ്എല്ലിൽ അദ്ദേഹം ഒഡീഷക്ക് വേണ്ടി നേടിയിരിക്കുന്നത്. ഇപ്പോഴും തന്റെ മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ഒഡീഷക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ നിലനിർത്താൻ അവർക്ക് താല്പര്യമുണ്ട്.കരാർ പുതുക്കാനുള്ള ഒരു ഓഫർ അവർ നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ റോയ് കൃഷ്ണ ഒഡീഷയിൽ തുടരാൻ താല്പര്യപ്പെടുന്നില്ല.മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാൻ അദ്ദേഹം ആഗ്രഹിക്കുന്നു. നിലവിൽ രണ്ട് ക്ലബ്ബുകളാണ് പ്രധാനമായും അദ്ദേഹത്തിനു വേണ്ടി ശ്രമിക്കുന്നത്. ഒന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. അടുത്ത സീസണിൽ തങ്ങളുടെ മുന്നേറ്റ നിരയിൽ റോയ് കൃഷ്ണ ഉണ്ടായാൽ അത് നല്ലതാകുമെന്നുള്ള പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.
പക്ഷേ അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമാവില്ല.കാരണം മുംബൈ സിറ്റി എഫ്സിക്ക് താരത്തിൽ താല്പര്യമുണ്ട്. അവരും റോയ് കൃഷ്ണക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ റോയി കൃഷ്ണക്ക് താല്പര്യം കൊൽക്കത്തയിലേക്ക് മടങ്ങാനാണ്.മോഹൻ ബഗാന് വേണ്ടി കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. മറ്റ് രണ്ട് കൊൽക്കത്തൻ ക്ലബ്ബുകൾ ആയ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ എസ്സി എന്നീ ക്ലബ്ബുകളെ ബന്ധപ്പെടുത്തിക്കൊണ്ടും റൂമറുകൾ ഉണ്ട്. അതായത് ഈ മൂന്ന് കൊൽക്കത്തൻ ക്ലബ്ബുകളിൽ ഒരു ക്ലബ് അദ്ദേഹത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഏതായാലും റോയ് കൃഷ്ണ ഏത് ക്ലബ്ബിന് തിരഞ്ഞെടുക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അഴിച്ചു പണി നടന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.പല സുപ്രധാന താരങ്ങളെയും ക്ലബ്ബിന് നഷ്ടമാവാൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് സജീവമായിരിക്കും.റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ കളിച്ചു പരിചയമുള്ള താരമാണ് റോയ് കൃഷ്ണ.2019 സീസണിലാണ് അദ്ദേഹം മോഹൻ ബഗാനിൽ എത്തുന്നത്.തുടർന്ന് 2022 വരെ അവിടെ തുടർന്നു. പിന്നീട് ബംഗളൂരു എഫ്സിയിലേക്ക് ചേക്കേറി. കഴിഞ്ഞ സീസൺ അവിടെ ചിലവഴിച്ചതിനുശേഷമാണ് ഒഡീഷയിലേക്ക് എത്തിയത്.കഴിഞ്ഞ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത് ഈ താരമാണ് എന്ന് പറയേണ്ടിവരും.