അർജന്റീനയും ഫ്രാൻസും തമ്മിൽ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം വിവാദങ്ങളിലാണ് കലാശിച്ചിട്ടുള്ളത്.മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേടിയ ഗോളാണ് ഫ്രാൻസിന് വിജയം നേടിക്കൊടുത്തത്.ഇതോടെ അർജന്റീന പുറത്താവുകയും ഫ്രാൻസ് സെമിയിൽ എത്തുകയും ചെയ്തു.
എന്നാൽ മത്സരശേഷം കയ്യാങ്കളിലാണ് കാര്യങ്ങൾ കലാശിച്ചത്. അർജന്റീന താരങ്ങളും ഫ്രഞ്ച് താരങ്ങളും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഒരു ഫ്രഞ്ച് താരം അർജന്റീന താരങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി കൊണ്ടാണ് കയ്യാങ്കളി നടന്നത്. പിന്നീട് ഫ്രാൻസ് താരങ്ങളുടെ സെലിബ്രേഷനും കയ്യാങ്കളിലാണ് അവസാനിച്ചത്.കളത്തിൽ വെച്ചും ടണലിൽ വെച്ചും രണ്ട് ടീമിലെയും താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.
അർജന്റീന ഗോൾകീപ്പറായ ജെറോണിമോ റുള്ളി ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.ഒരു വിജയം എങ്ങനെയാണ് ആഘോഷിക്കേണ്ടത് എന്നത് ഫ്രഞ്ച് താരങ്ങൾക്ക് അറിയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഫ്രഞ്ച് ഇത്രയും കാലം ഉള്ളിൽ അടക്കിപ്പിടിച്ചതെല്ലാം ഈ ഒരു അവസരത്തിൽ പുറത്ത് വന്നുവെന്നും റുള്ളി ഇപ്പോൾ ആരോപിച്ചിട്ടുണ്ട്.
നിർഭാഗ്യവശാൽ ഞങ്ങൾ കരുതിയ പോലെയല്ല കാര്യങ്ങൾ അവസാനിച്ചത്. ഒരുപാട് കാലത്തിനു ശേഷം ഞങ്ങൾക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മത്സരത്തിന്റെ അവസാനത്തിൽ സംഭവിച്ചത് ദൗർഭാഗ്യകരമാണ്.പക്ഷേ ഒരു വിജയം എങ്ങനെ ആഘോഷിക്കണം എന്നുള്ളത് അവരുടെ പല താരങ്ങൾക്കും അറിയില്ല. ഇത്രയും കാലം അവർ ഉള്ളിൽ അടക്കിപ്പിടിച്ച് പലതും ഇപ്പോൾ പുറത്തേക്ക് വരികയാണ് ചെയ്തത്,ഇതാണ് റുള്ളി പറഞ്ഞിട്ടുള്ളത്.
അർജന്റീനയും ഫ്രാൻസും ഇപ്പോൾ ബദ്ധവൈരികളായി മാറിയിട്ടുണ്ട്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. അതിനുശേഷമാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമായത്. ഫ്രഞ്ച് താരങ്ങളെ അർജന്റീന വംശീയമായി അധിക്ഷേപിച്ചത് പിന്നീട് വലിയ വിവാദമാവുകയും ചെയ്തു.