കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഈ മത്സരത്തിൽ തോൽവിക്ക് പുറമേ രണ്ട് തിരിച്ചടികൾ കൂടി സംഭവിച്ചിരുന്നു. ഗോൾകീപ്പർ സച്ചിൻ സുരേഷും ഡിഫൻഡർ മാർക്കോ ലെസ്ക്കോവിച്ചും പരിക്ക് മൂലം പുറത്താവുകയായിരുന്നു.രണ്ട് സുപ്രധാന താരങ്ങളെയാണ് പരിക്ക് കാരണം മത്സരത്തിൽ നഷ്ടമായത്.
മത്സരത്തിന്റെ 38ആം മിനിട്ടിലാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ഉയർന്നു വരുന്ന ബോൾ ചാടി പിടിക്കുന്നതിനിടെ ചെന്നൈ താരവുമായി അദ്ദേഹം കൂട്ടിയിടിച്ച് വീഴുകയായിരുന്നു.തുടർന്ന് ഗോൾകീപ്പറുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഷോൾഡർ സ്ഥാനം തെറ്റി എന്നാണ് പ്രാഥമികമായി ഈ പരിക്കിനെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കുന്നത്.
ഏറ്റവും ചുരുങ്ങിയത് 41 ദിവസമെങ്കിലും സച്ചിൻ സുരേഷ് പുറത്തിരിക്കേണ്ടി വരും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ഗോൾകീപ്പറെ സംബന്ധിച്ചിടത്തോളം കൈകളും ഷോൾഡറും ഒക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിലും കൂടുതൽ ദിവസങ്ങൾ അദ്ദേഹം പുറത്തിരിക്കേണ്ടി വരും. ഇനി സച്ചിൻ സുരേഷിന് സർജറി വേണം എന്ന് തെളിഞ്ഞാൽ കൂടുതൽ കാലത്തേക്ക് അദ്ദേഹത്തെ നഷ്ടമാകും. നേരത്തെ ജീക്സൺ സിങ്ങിന് ഷോൾഡർ ഇഞ്ചുറി കാരണം സർജറി ആവശ്യമായി വന്നിരുന്നു.
തുടർന്ന് അദ്ദേഹത്തെ ഒരുപാട് കാലത്തേക്ക് ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു.ഈയിടെയായിരുന്നു അദ്ദേഹം തിരിച്ചു വന്നിരുന്നത്.സമാനമായ ഒരു അവസ്ഥയാണ് ഇപ്പോൾ സച്ചിൻ സുരേഷും അഭിമുഖീകരിക്കുന്നത്.ഏതായാലും വളരെ വേഗത്തിൽ അദ്ദേഹം തിരിച്ചു വരില്ല എന്നത് നമുക്ക് ഉറപ്പിക്കാൻ കഴിയും. 22 വയസ്സു മാത്രമുള്ള ഈ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം. ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സ് കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾവലയം കാത്തത് ഇദ്ദേഹമാണ് എന്നുള്ളത് മാത്രമല്ല മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തിരുന്നു.
ഇനി കേരള ബ്ലാസ്റ്റേഴ്സ് വെറ്ററൻ താരമായ കരൺജിത് സിങ്ങിനെയാണ് ആശ്രയിക്കുക.കഴിഞ്ഞ മത്സരത്തിൽ സച്ചിന്റെ പകരക്കാരനായി വന്ന അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ബ്ലാസ്റ്റേഴ്സിന് ഒരു തുണ തന്നെയാണ്.എന്നിരുന്നാലും സച്ചിന്റെ അഭാവം ഒരു വിടവ് തന്നെയായിരിക്കും.അടുത്ത മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.