ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ക്ലബ്ബിനെ ചുമലിലേറ്റുന്നത് ദിമിയാണ് എന്ന് പറയേണ്ടിവരും.കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇപ്പോൾ ദിമിയാണ്.ഈ സീസണിൽ ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ സൂപ്പർ കപ്പിൽ രണ്ട് ഗോളുകൾ അദ്ദേഹം നേടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയിട്ടുള്ളത് ദിമി മാത്രമാണ്. അതായത് അദ്ദേഹത്തിന്റെ ഗോളടിയെ മാത്രം ആശ്രയിച്ചു കൊണ്ടാണ് ഇപ്പോൾ ക്ലബ്ബ് മുന്നോട്ടുപോകുന്നത്. എപ്പോഴും ഗോളടിക്കണം എന്ന ആഗ്രഹത്തോടെ കൂടി കളിക്കുന്ന താരമാണ് ദിമി. നിലവിൽ സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണ,പെപ്ര എന്നിവരെ ക്ലബ്ബിനെ പരിക്ക് കാരണം നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ഉത്തരവാദിത്വം നിലവിൽ ഈ സൂപ്പർതാരത്തിന് ഉണ്ട്.
ദിമിയെ പ്രശംസിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾകീപ്പറായ സച്ചിൻ സുരേഷ് മുന്നോട്ടുവന്നു കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്യുകയാണ് സച്ചിൻ ചെയ്തിട്ടുള്ളത്. അതായത് ദിമിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മെന്റാലിറ്റിയാണ് ഉള്ളത് എന്നാണ് സച്ചിൻ പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണവും വിശദീകരിച്ചിട്ടുണ്ട്.സച്ചിൻ പറഞ്ഞത് ഇപ്രകാരമാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള ഒരു മെന്റാലിറ്റിയാണ് ദിമിക്കുള്ളത്.കാരണം എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ദിമി. മാത്രമല്ല എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ വേണ്ടി സാധ്യമായതെല്ലാം അദ്ദേഹം ചെയ്യുകയും ചെയ്യും, ഇതാണ് സച്ചിൻ പറഞ്ഞിട്ടുള്ളത്.
ഇനി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക പഞ്ചാബ് എഫ്സിക്കെതിരെയാണ്. മത്സരത്തിൽ ക്ലബ്ബിന് വിജയം അനിവാര്യമാണ്. എന്തെന്നാൽ അവസാന 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്നും ഒരു കരകയറൽ നിർബന്ധമാണ്. സ്വന്തം കാണികൾക്ക് മുൻപിൽ അതിനുള്ള ഒരു ശ്രമങ്ങളായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുക.