ലൂണ ഉണ്ടായിരുന്നുവെങ്കിൽ ഇതിന്റെയൊന്നും ആവശ്യമുണ്ടാകുമായിരുന്നില്ല: തുറന്ന് പറഞ്ഞ് സച്ചിൻ സുരേഷ്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യഘട്ടം അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായി കൊണ്ട് ഫിനിഷ് ചെയ്യാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. ഈ മികച്ച പ്രകടനത്തിൽ വലിയ പങ്കുവഹിച്ചത് നായകനായ അഡ്രിയാൻ ലൂണ തന്നെയാണ്. 9 മത്സരങ്ങളിൽ നിന്ന് 7 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം നേടിയിരുന്നു. 3 ഗോളുകളും 4 അസിസ്റ്റുകളുമായിരുന്നു അദ്ദേഹം സ്വന്തമാക്കിയിരുന്നത്.
എന്നാൽ പരിക്ക് മൂലം ഈ പ്രിയപ്പെട്ട നായകനെ ക്ലബ്ബിന് നഷ്ടമായി.ഇനി ഈ സീസണിൽ ലൂണക്ക് കളിക്കാൻ കഴിയില്ല എന്നുള്ള കാര്യം പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ സ്ഥിരീകരിച്ചിരുന്നു. പകരം ഫെഡോർ ചെർനിച്ചിനെ എത്തിച്ചിട്ടുണ്ടെങ്കിലും അതൊന്നും മതിയാവില്ല.ലൂണയുടെ അഭാവം ക്ലബ്ബിനെ ബാധിച്ചു തുടങ്ങി എന്നത് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്. കഴിഞ്ഞ 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
അഡ്രിയാൻ ലൂണയെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട് ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾകീപ്പറായ സച്ചിൻ സുരേഷ്.അഡ്രിയാൻ ലൂണ വളരെ വ്യത്യസ്തനായ ഒരു താരമാണ് എന്നാണ് സച്ചിൻ പറഞ്ഞിരുന്നത്.ലൂണ ഉണ്ടായിരുന്നുവെങ്കിൽ മറ്റുള്ള താരങ്ങൾക്ക് ഒന്നും തന്നെ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നുവെന്നും സച്ചിൻ പറഞ്ഞിട്ടുണ്ട്. പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു സച്ചിൻ.
ലൂണ വളരെ വ്യത്യസ്തനായ ഒരു താരമാണ്.അദ്ദേഹം കളിക്കുമ്പോൾ കളിക്കളത്തിന്റെ എല്ലാ ഭാഗത്തും അദ്ദേഹം എത്തിയിരിക്കും.ലൂണ ഉണ്ടാകുമ്പോൾ ബാക്കിയുള്ള താരങ്ങൾക്ക് എക്സ്ട്രാ എഫർട്ട് നൽകേണ്ടി വരില്ല. പക്ഷേ ഇപ്പോൾ ഓരോ താരങ്ങൾക്കും വ്യക്തിഗതമായി കൂടുതൽ അധ്വാനിക്കണം,കൂടുതൽ ടീമായി കളിക്കുകയും വേണം,ഇതാണ് സച്ചിൻ പറഞ്ഞിട്ടുള്ളത്.
അതായത് ലൂണയുടെ അഭാവം കാരണം ഓരോ താരത്തിനും കൂടുതൽ അധ്വാനിക്കേണ്ടി വരുന്നു എന്നാണ് സച്ചിൻ വ്യക്തമാക്കിയിട്ടുള്ളത്.മിഡ്‌ഫീൽഡർ ആണെങ്കിലും മുന്നേറ്റ നിരയിലും പ്രതിരോധം നിരയിലും ഒരുപോലെ നമുക്ക് ലൂണയെ കാണാൻ സാധിക്കുമായിരുന്നു.അദ്ദേഹത്തിന്റെ അഭാവം വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്.