അതൊരു ഗോളവസരം പോലുമല്ല: സച്ചിനെതിരെ വിരൽ ചൂണ്ടി സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിലും ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ഇത്തവണ എഫ്സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ബോറിസ് സിംഗ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന നാലാമത്തെ തോൽവിയായിരുന്നു ഇത്.
ബ്ലാസ്റ്റേഴ്സ് ഈ ഗോൾ തിരിച്ചടിക്കാൻ വേണ്ടി പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ ഫൈനൽ തേഡിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു.എടുത്തുപറയേണ്ട മറ്റൊരു കാര്യം ഗോവൻ ഡിഫൻസിന്റെ പ്രകടനം കൂടിയാണ്. മികച്ച രൂപത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ തടയാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത് ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.
ഒരിക്കൽ കൂടി ഗോൾ കീപ്പിംഗ് പിഴവ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. അതായത് ബോറിസ് സിങ്ങിന്റെ ഷോട്ട് യഥാർത്ഥത്തിൽ ഗോൾകീപ്പറായ സച്ചിൻ സുരേഷിന് തടയാൻ സാധിക്കുമായിരുന്നു.അദ്ദേഹത്തിന്റെ പൊസിഷൻ വളരെ മോശമായിരുന്നു.ഒരു ഗോൾകീപ്പറിൽ നിന്നും അത്തരത്തിലുള്ള പൊസിഷൻ ഒരിക്കലും ഉണ്ടാവാൻ പാടില്ല. നിയർ പോസ്റ്റ് കൃത്യമായി കവർ ചെയ്തു നിൽക്കാൻ സച്ചിൻ ശ്രദ്ധിച്ചിരുന്നില്ല.അങ്ങനെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഈ ഗോൾ പിറക്കുമായിരുന്നില്ല.
ഈ പിഴവ് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ രംഗത്ത് വന്നിട്ടുണ്ട്. അതൊരിക്കലും ഒരു ഗോളവസരമായിരുന്നില്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.സച്ചിൻ സുരേഷിന് പിഴവ് പറ്റി എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞത് നോക്കാം.
‘സത്യം പറഞ്ഞാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗോളാണ് ഞങ്ങൾ വഴങ്ങിയത്. എന്റെ അഭിപ്രായത്തിൽ ഒരു വഴങ്ങാനുള്ള അവസരം പോലും അവിടെ ഉണ്ടായിരുന്നില്ല. നൂറിൽ 99 തവണയും സച്ചിൻ സുരേഷിന് സേവ് ചെയ്യാൻ സാധിക്കുമായിരുന്ന ഒരു ബോളായിരുന്നു അത്. എന്നാൽ അതിന് അദ്ദേഹത്തിന് സാധിച്ചില്ല “ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഗോൾകീപ്പിംഗ് പിഴവുകൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകുന്നുണ്ട്. സച്ചിൻ സുരേഷും സോം കുമാറും ഒരുപോലെ പിഴവുകൾ വരുത്തിവെക്കുന്നുണ്ട്. വ്യക്തിഗത പിഴവുകൾ തന്നെയാണ് പലപ്പോഴും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഇതുവരെ തിരിച്ചടിയായിട്ടുള്ളത്.