സച്ചിനും സോമും നിരാശപ്പെടുത്തി.. എന്താണ് നോറയുടെ അവസ്ഥ?

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.10 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.സീസൺ ഏകദേശം പകുതിയോളം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ഇതുവരെ ഒരു കൃത്യമായ ഇലവൻ പോലും കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേക്ക് സാധിച്ചിട്ടില്ല.

വ്യക്തിഗത പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് എപ്പോഴും തിരിച്ചടിയാകുന്നത്. എടുത്ത് പറയേണ്ടത് ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ സച്ചിൻ സുരേഷ് വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ പിഴവുകൾ ഈ സീസണിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നമ്മൾ കണ്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ പോലും അദ്ദേഹത്തിന്റെ പിഴവിന്റെ ഫലമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സിനെ ഗോൾ വഴങ്ങേണ്ടി വന്നത്.

ഇടക്കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് 19 കാരനായ സോം കുമാറിനെ പരീക്ഷിച്ചിരുന്നു.എന്നാൽ അദ്ദേഹവും നിരാശപ്പെടുത്തുകയായിരുന്നു.അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പിഴവുകൾ സംഭവിച്ചു. വളരെ പ്രതിഭാധനനായ ഗോൾകീപ്പറാണ് സോം കുമാർ എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ കേവലം 19 വയസ്സ് മാത്രമുള്ള ഈ താരത്തിന് കോൺഫിഡൻസ് വളരെ കുറവാണ്. വലിയ ആരാധകർക്ക് മുന്നിൽ വലിയ മത്സരങ്ങൾ കളിച്ചുകൊണ്ടുള്ള പരിചയമില്ലാത്തതിനാൽ അദ്ദേഹത്തിന് പിഴവുകൾ സംഭവിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് സോമിനെ കൂടാതെ ഈ സമ്മറിൽ ടീമിലേക്ക് എത്തിച്ച മറ്റൊരു ഗോൾകീപ്പറാണ് നോറ ഫെർണാണ്ടത്. 26 വയസ്സുള്ള ഈ താരത്തിന് വളരെയധികം എക്സ്പീരിയൻസ് ഉണ്ട്.ഐ ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിയുടെ വല കാത്ത താരമാണ് ഇദ്ദേഹം. ഒരു ഗോൾകീപ്പർക്ക് വേണ്ട ഉയരവും അദ്ദേഹത്തിനുണ്ട്. സച്ചിനും സോമും നിരാശപ്പെടുത്തിയ സ്ഥിതിക്ക് എന്തുകൊണ്ട് ഇദ്ദേഹത്തെ ഉപയോഗപ്പെടുത്തിക്കൂടാ എന്നാണ് ആരാധകർ ചോദിക്കുന്നത്.

19 വയസ്സ് മാത്രമുള്ള താരത്തിന് അവസരം നൽകിയെങ്കിൽ എന്തുകൊണ്ട് നോറക്ക് അവസരം നൽകിക്കൂടാ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. പലപ്പോഴും മാച്ച് ഡേ സ്‌ക്വഡിൽ പോലും ഈ താരത്തെ കാണാൻ കഴിയാറില്ല.നോറയെ പരീക്ഷിക്കാൻ സമയമായി എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഏതായാലും നോറക്ക് അദ്ദേഹം അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

KeralaSachin Suresh
Comments (0)
Add Comment