ഇന്ത്യൻ ഫുട്ബോളിലെ തന്നെ അതിപ്രധാനമായ ഒരു സ്വാപ് ഡീലാണ് ഇന്നലെ നടന്നത്. കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിട്ടുകൊണ്ട് മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.അദ്ദേഹത്തിന്റെ പകരമായി കൊണ്ട് മറ്റൊരു ഇന്ത്യൻ ഇന്റർനാഷണൽ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു.ഇതിനുപുറമേ 90 ലക്ഷം രൂപ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്തു.
ഈ ഡീലുകൾക്ക് ശേഷം ഇരു താരങ്ങളും ഈ നീക്കങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഐഎസ്എൽ കിരീടം നേടാൻ വേണ്ടിയാണ് മോഹൻ ബഗാനിലേക്ക് വന്നത് എന്നാണ് സഹൽ പറഞ്ഞിട്ടുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ കിരീടം നേടിക്കൊടുക്കാൻ വേണ്ടി താൻ പരമാവധി ശ്രമിക്കുമെന്ന് പ്രീതം കോട്ടാൽ ഉറപ്പ് നൽകുകയും ചെയ്തു.
ഞാനൊരു പ്രൊഫഷണൽ ഫുട്ബോളറാണ്, എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ഒരു ചാലഞ്ച് ആണ്. മോഹൻ ബഗാൻ ആരാധകർ എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല.അവർക്ക് അത് നേടി കൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും,പ്രീതം കോട്ടാൽ പറഞ്ഞു.
കഴിഞ്ഞ സീസണിലെ ഐഎസ്എൽ കിരീടം മോഹൻ ബഗാനാണ് നേടിയത്.നമുക്ക് രണ്ട് വേൾഡ് കപ്പ് താരങ്ങളുണ്ട്. യൂറോപ്പ ലീഗിൽ കളിച്ച താരങ്ങൾ ഉണ്ട്.ഇന്ത്യൻ നാഷണൽ ടീമിലെ 5 താരങ്ങൾ ഉണ്ട്. എന്റെ കരിയറിൽ ഞാൻ ഇതുവരെ ഐഎസ്എൽ കിരീടം നേടിയിട്ടില്ല. അത് നേടാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ മോഹൻ ബഗാനിലേക്ക് എത്തിയിട്ടുള്ളത്, സഹൽ പറഞ്ഞു.
അടുത്ത സീസണിലേക്ക് അതിശക്തമായ ടീമുമായാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഒരുപാട് പ്രതീക്ഷകളോടെ ഈയൊരു സീസണിന് വേണ്ടിയും കാത്തിരിക്കുകയാണ്.