നിലവിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് നോവ സദോയി തന്നെയാണ്.ഐഎസ്എല്ലിൽ ആകെ അഞ്ച് മത്സരങ്ങളാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നാല് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോവ തന്നെയാണ്.അത്രയേറെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
5 മത്സരങ്ങളിൽ നിന്ന് 5 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഇതുവരെ അദ്ദേഹം നേടിയിട്ടുള്ളത്. എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരം നോവ നേരത്തെ നൽകിയിരുന്നു.അംഗീകാരങ്ങളും അഭിനന്ദനങ്ങളും കിട്ടുന്ന ഒരു സ്ഥലത്ത് എത്തിപ്പെടാൻ താൻ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു നോവ പറഞ്ഞിരുന്നത്. എന്നാൽ ഇതോടൊപ്പം ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ആരാധകരിൽ നിന്നുള്ള സമ്മർദ്ദം താൻ ഇഷ്ടപ്പെടുന്നു എന്നാണ് നോവ വ്യക്തമാക്കിയിട്ടുള്ളത്.അതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.നോവ പറഞ്ഞത് നോക്കാം.
‘തീർച്ചയായും ഇവിടെ സമ്മർദ്ദമുണ്ട്. കാരണം ആരാധകർ നമ്മളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു.പക്ഷേ ഈ സമ്മർദ്ദങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം നമ്മൾ കൂടുതൽ വിശ്രമിച്ചാൽ,ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ നമുക്ക് സാധിക്കാതെ വരും. കൂടുതൽ മികച്ച താരമാവാൻ നമ്മളെ പുഷ് ചെയ്യുന്നത് ഇത്തരം സമ്മർദ്ദങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരം സമ്മർദ്ദങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
നോവ പരിക്ക് കാരണം കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ല.ഉടനെ അദ്ദേഹം മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നോവയുടെ അഭാവത്തിലും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. പക്ഷേ ഫിനിഷിംഗിലെ അപാകതകളാണ് ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.