കൊച്ചി സ്റ്റേഡിയത്തിൽ ഭൂകമ്പം സംഭവിച്ചത് പോലെയായിരുന്നു: ഓർമ്മകൾ അയവിറക്കി സന്ദേശ് ജിങ്കൻ.
വർഷങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ഇന്ത്യൻ സൂപ്പർതാരമായ സന്ദേശ് ജിങ്കൻ. 2014ൽ തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ജിങ്കന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.
2020 വരെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു ഇദ്ദേഹം. പിന്നീട് എടികെയിലേക്ക് ചേക്കേറി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് സ്നേഹിച്ച താരമായിരുന്നുവെങ്കിലും ഇടക്കാലയളവിൽ നടന്ന വിവാദ സംഭവങ്ങളെ തുടർന്ന് ആരാധകർ അദ്ദേഹത്തിന് തിരിയുകയായിരുന്നു. എന്നിരുന്നാലും കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും ജിങ്കൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.
കൊച്ചി സ്റ്റേഡിയത്തിലെ മറക്കാനാവാത്ത ഓർമ്മകൾ അദ്ദേഹം ഒരിക്കൽ കൂടി പങ്കുവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലെ ആരെങ്കിലും ഗോൾ നേടിയ പിന്നീട് ഭൂകമ്പം സംഭവിക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെടാറുള്ളത് എന്നാണ് ജിങ്കൻ പറഞ്ഞിട്ടുള്ളത്. കൊച്ചി സ്റ്റേഡിയത്തിലെ ഇലക്ട്രിഫൈയിങ് അന്തരീക്ഷത്തെയാണ് ഇദ്ദേഹം പ്രശംസിച്ചിട്ടുള്ളത്.ജിങ്കന്റെ വാക്കുകൾ ഇപ്രകാരമാണ്.
എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഒരുപാട് മനോഹരമായ ഓർമ്മകൾ ഉണ്ട്.ഞാൻ അവിടെ റൈറ്റ് ബാക്ക് പൊസിഷനിലും കളിച്ചിട്ടുണ്ട്. ഞങ്ങളുടെ ടീമിലെ ആരെങ്കിലും ഗോൾ നേടിയ പിന്നീട് ഭൂകമ്പം സംഭവിച്ച പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. അന്ന് കേവലം 21 വയസ്സ് മാത്രം ഉണ്ടായിരുന്ന എനിക്ക് അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു,ജിങ്കൻ തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞു.
നിലവിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഗോവക്ക് വേണ്ടിയാണ് ജിങ്കൻ കളിച്ചുകൊണ്ടിരിക്കുന്നത്.2015 മുതൽ ഇന്ത്യയുടെ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് ജിങ്കൻ. നിലവിൽ ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് അദ്ദേഹം ഉള്ളത്.കേരള ബ്ലാസ്റ്റേഴ്സിന് താൻ വളരെയധികം സ്നേഹിക്കുന്നുണ്ട് എന്നത് അദ്ദേഹം ഒരിക്കൽ കൂടി ഈ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.