സന്ധുവിന്റെ മണ്ടത്തരങ്ങൾ, ബംഗളൂരു എഫ്സിയുടെ അഹങ്കാരം തീർന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ബംഗളൂരു എഫ്സി ഈ സീസണിൽ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. എന്തെന്നാൽ പോയിന്റ് പട്ടികയിൽ അവരാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. 6 വിജയങ്ങൾ നേടി. രണ്ട് തോൽവികളും രണ്ട് സമനിലകളും അവർക്ക് വഴങ്ങേണ്ടി വന്നു. നിലവിൽ മോഹൻ ബഗാൻ മാത്രമാണ് അവരുടെ മുകളിൽ ഉള്ളത്.
എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബംഗളൂരു എഫ്സിയുടെ പ്രകടനം മോശമായി വരികയാണ്.സീസണിന്റെ തുടക്കത്തിൽ ഒരു കിടിലൻ സ്റ്റാർട്ട് തന്നെയാണ് അവർക്ക് ലഭിച്ചത്. പക്ഷേ ഇപ്പോൾ അവർ മോശമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.അതായത് ആദ്യത്തെ അഞ്ച് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് അവർ ആദ്യമായി ഗോൾ വഴങ്ങിയത്.പക്ഷേ ആ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചിരുന്നു.
ആ മത്സരത്തിൽ ഗോൾ വഴങ്ങിയതിന് പിന്നാലെ ബംഗളൂരു എഫ്സിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം ഉൾപ്പെടെ അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല.മാത്രമല്ല ഒരുപാട് ഗോളുകൾ അവർക്ക് വഴങ്ങേണ്ടി വരികയും ചെയ്തു. കൃത്യമായി പറഞ്ഞാൽ അവസാനത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് അവർ വഴങ്ങിയിട്ടുള്ളത്.
ഏറ്റവും ഒടുവിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഒഡീഷയോട് അവർ പരാജയപ്പെട്ടത്.അതിനു മുൻപ് ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ഒരു തോൽവി അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.അങ്ങനെ ബംഗളൂരു എഫ്സി വലിയ ഒരു തോൽവികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണ് ഇത്.
എടുത്തുപറയേണ്ട മറ്റൊരു കാര്യം അവരുടെ ഗോൾ കീപ്പറായ സന്ധുവിന്റെ മണ്ടത്തരങ്ങളാണ്. പലപ്പോഴും വലിയ വലിയ പിഴവുകളിലൂടെ അദ്ദേഹം ഗോളുകൾ വഴങ്ങുന്നുണ്ട്.പല മത്സരങ്ങളിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സില്ലി മിസ്റ്റേക്കുകൾ സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. എന്തിനേറെ പറയുന്നു കഴിഞ്ഞ ഇന്ത്യയുടെ മലേഷ്യക്കെതിരെയുള്ള മത്സരത്തിൽ പോലും സന്ധുവിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ അബദ്ധം പറ്റിയിരുന്നു.അങ്ങനെ അദ്ദേഹത്തിന്റെ മോശം പ്രകടനവും ബംഗളൂരു എഫ്സിക്ക് ഇപ്പോൾ തിരിച്ചടിയാകുന്നുണ്ട്.
ഇനി കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇത്തവണ ബംഗളൂരുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയതെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവരോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ അവരുടെ മൈതാനത്ത് ഇതിന് പ്രതികാരം തീർക്കുക എന്നതായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ലക്ഷ്യം.