ഇന്നലെയായിരുന്നു ബ്രസീലിയൻ ലീഗ് അവസാനിച്ചത്. തുടർച്ചയായ രണ്ടാം തവണയും പാൽമിറാസ് കിരീടം നേടി. ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും കിരീടം പാൽമിറാസ് സ്വന്തമാക്കുകയായിരുന്നു. യുവതാരം എൻഡ്രിക്കാണ് പാൽമിറാസിന് വേണ്ടി ഗോൾ നേടിയിരുന്നത്.
ഇവിടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ബ്രസീലിലെ പ്രമുഖ ക്ലബ്ബായ സാന്റോസ് ഫസ്റ്റ് ഡിവിഷനിൽ നിന്നും തരംതാഴ്ത്തപ്പെട്ടു എന്നുള്ളതാണ്. അതായത് പതിനേഴാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.38 മത്സരങ്ങളിൽ നിന്ന് 43 പോയിന്റാണ് അവർ നേടിയത്. ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. വളരെയധികം ചരിത്രമുള്ള ക്ലബ്ബാണ് സാന്റോസ്. 111 വർഷത്തോളം പഴക്കമുള്ള ഈ ക്ലബ്ബ് ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് തരംതാഴ്ത്തപ്പെടുന്നത്.
ഇക്കാലമത്രയും ഫസ്റ്റ് ഡിവിഷനിൽ കളിച്ച ഈ ക്ലബ്ബിന് ഇനി ബ്രസീലിലെ സെക്കൻഡ് ഡിവിഷനിൽ കളിക്കണം.പെലെ,നെയ്മർ എന്നിവർ ഉദയം ചെയ്ത ക്ലബ്ബ് കൂടിയാണ് ഇത്.റെലഗെറ്റ് ആയതിന് പിന്നാലെ സാന്റോസ് ആരാധകരുടെ സ്വഭാവം മാറിയിട്ടുണ്ട്. വലിയ ആക്രമണ സംഭവങ്ങൾ നടന്നു കഴിഞ്ഞു. സ്റ്റേഡിയത്തിന് പുറത്ത് ആക്രമണങ്ങൾ അരങ്ങേറിയിട്ടുണ്ട്.തീവെപ്പ് നടന്നിട്ടുണ്ട്.സാന്റോസ് താരങ്ങളുടെ കാറുകളാണ് സ്വന്തം ആരാധകർ കത്തിച്ചത്.
സാന്റോസിന്റെ കൊളംബിയൻ താരമായ മെന്റോസയുടെ കാറും ആരാധകർ കത്തിച്ചിട്ടുണ്ട്.മെന്റോസയെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. കാരണം അദ്ദേഹം ഐഎസ്എല്ലിൽ കളിച്ചിട്ടുണ്ട്.ചെന്നൈക്ക് വേണ്ടി കളിച്ച അദ്ദേഹം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. തുടർന്ന് കരിയറിൽ അതിവേഗ വളർച്ച ഉണ്ടായ ഇദ്ദേഹം സാന്റോസിൽ വരെ എത്തുകയായിരുന്നു. പക്ഷേ വളരെ കഠിനമായ ഒരു അനുഭവം തന്നെയാണ് അദ്ദേഹത്തിന് ഇപ്പോൾ നേരിടേണ്ടി വന്നിട്ടുള്ളത്.
ലീഗിൽ 26 മത്സരങ്ങൾ കളിച്ച അദ്ദേഹം ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണ് നേടിയിട്ടുള്ളത്. അദ്ദേഹത്തെ കൂടാതെ മറ്റു താരങ്ങളുടെയും കാറുകൾ കത്തിച്ചിട്ടുണ്ട്.ടീം റെലഗേറ്റ് ആയതിൽ നെയ്മർ ജൂനിയർ സങ്കടം പ്രകടിപ്പിച്ചിരുന്നു. ഏതായാലും സാന്റോസ് ആരാധകരുടെ പ്രവർത്തികൾ വലിയ വിവാദമായിട്ടുണ്ട്.