വേൾഡ് കപ്പിന് ശേഷം ക്രിസ്റ്റ്യാനോ എന്നോട് സംസാരിച്ചിട്ടില്ല,ഇരുകൈയും നീട്ടി ഞാൻ കാത്തിരിക്കുകയാണ്: ഖേദപ്രകടനമാണോ സാന്റോസ് നടത്തിയത്?

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ യൂറോപ്പ്യൻ കരുത്തരായ പോർച്ചുഗലിന് സാധിച്ചിരുന്നില്ല. അതായത് സൂപ്പർ താരങ്ങളാൽ സമ്പന്നമായ പോർച്ചുഗൽ ക്വാർട്ടറിൽ മൊറോക്കയോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് സെമി കാണാതെ അവർ പുറത്താവുകയും ചെയ്തു. എന്നാൽ അതിനേക്കാൾ ആരാധകരെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിച്ചത് പരിശീലകനായ ഫെർണാണ്ടോ സാന്റോസിന്റെ പ്രവർത്തിയാണ്.

എന്തെന്നാൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹം ബെഞ്ചിൽ ഇരുത്തുകയായിരുന്നു. റൊണാൾഡോയെ ആശ്രയിക്കാതെ മുന്നോട്ട് പോകാനുള്ള പദ്ധതികളായിരുന്നു സാന്റോസ് ഒരുക്കിയിരുന്നത്. പക്ഷേ അത് ഫലം കണ്ടില്ല എന്ന് തന്നെ പറയേണ്ടിവരും.പോർച്ചുഗൽ പുറത്തായത്തിന് പിന്നാലെ അദ്ദേഹത്തിന് തന്റെ പരിശീലക സ്ഥാനവും നഷ്ടമായി. പിന്നീട് പോളണ്ടിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയെങ്കിലും അവിടെയും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു ഈ പരിശീലകന്.

തന്നെ ബെഞ്ചിൽ ഇരുത്തിയതിൽ റൊണാൾഡോക്ക് പരിശീലകനോട് കടുത്ത അമർഷമുണ്ടായിരുന്നു.അത് റൊണാൾഡോ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ സാൻഡോസ് തന്നെ അക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. വേൾഡ് കപ്പിന് ശേഷം താനും റൊണാൾഡോയും സംസാരിച്ചിട്ടില്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. പക്ഷേ റൊണാൾഡോയുമായുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.പോർച്ചുഗീസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോച്ച്.

ഖത്തറിൽ നിന്നും മടങ്ങിയതിനു ശേഷം ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല.എത്ര ദിവസമായി എന്ന് എനിക്ക് കൃത്യമായി അറിയില്ല.പക്ഷേ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ട് ഒരുപാട് കാലമായി.വേൾഡ് കപ്പിന് ശേഷം സംസാരിച്ചിട്ടില്ല. പക്ഷേ ഞാൻ ഇരുകയും നീട്ടി കാത്തിരിക്കുകയാണ്. റൊണാൾഡോയുമായുള്ള ബന്ധം മുൻപ് ഉണ്ടായിരുന്നത് പോലെയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്നെ സംബന്ധിച്ചിടത്തോളം റൊണാൾഡോയാണ്,ഫെർണാണ്ടോ സാന്റോസ് പറഞ്ഞു.

പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിന് കീഴിൽ ഉജ്വല പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. നിരവധി ഗോളുകൾ അദ്ദേഹം ഖത്തർ വേൾഡ് കപ്പിന് ശേഷം നേടിക്കഴിഞ്ഞു.സൗദി അറേബ്യയിലും റൊണാൾഡോ ഗോളടിച്ചു കൂട്ടുകയാണ്.അടുത്ത യൂറോ കപ്പിൽ പോർച്ചുഗലിനൊപ്പം റൊണാൾഡോ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Cristiano RonaldoFernando SantosPortugal
Comments (0)
Add Comment