മൂന്ന് ചെൽസി താരങ്ങൾ ഉൾപ്പെടെ നാല് സൂപ്പർതാരങ്ങൾ ഇനി സൗദി അറേബ്യയിൽ കളിക്കും.
സൗദി അറേബ്യൻ ഫുട്ബോൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ ഒരുപാടൊരുപാട് താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.അത് പലതും ഇപ്പോൾ ഫലം കാണുന്നുമുണ്ട്. മൂന്ന് ചെൽസി താരങ്ങൾ ഉൾപ്പെടെ നാല് താരങ്ങൾ ഇനി സൗദി അറേബ്യയിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചെൽസിയുടെ ഫ്രഞ്ച് താരമായ എങ്കോളോ കാന്റെ ഇനി അൽ ഇത്തിഹാദിന്റെ താരമാണ്.100 മില്യൺ യുറോയാണ് ആകെ സാലറി.നാലുവർഷത്തെ കരാറിലാണ് ഒപ്പുവെക്കുക. മറ്റൊരു ചെൽസിതാരമായ കൂലിബലിയും സൗദി അറേബ്യയിലേക്ക് തന്നെയാണ്.
2026 വരെയുള്ള ഒരു വലിയ ഓഫർ അൽ ഹിലാൽ താരത്തിന് നൽകിയിട്ടുണ്ട്. അത് അദ്ദേഹം ഉടൻ തന്നെ സ്വീകരിക്കും. 30 മില്യൺ യൂറോയോളം ആണ് അദ്ദേഹത്തിന് സാലറി ലഭിക്കുക.
മറ്റൊരു ചെൽസി താരമായ ഹാക്കിം സിയച്ചും സൗദി അറേബ്യയിലേക്ക് തന്നെയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞുവെന്നും സിയച്ച് ഇനി ക്രിസ്റ്റ്യാനോക്കൊപ്പം ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റൊരു താരം പോർച്ചുഗീസ് താരമായ റൂബൻ നെവസാണ്. ബാഴ്സയും ലിവർപൂളും ശ്രമിച്ച താരമാണ് നെവസ്. പക്ഷേ അദ്ദേഹം പോകാൻ തീരുമാനിച്ചിരിക്കുന്നത് സൗദി അറേബ്യയിലേക്കാണ്.
അദ്ദേഹത്തെ അൽ ഹിലാൽ ആണ് സ്വന്തമാക്കിയത്.55 മില്യൺ ആണ് ട്രാൻസ്ഫർ ഫീ.വോൾവ്സിൽ നിന്നാണ് നെവസ് ഇപ്പോൾ സൗദി അറേബ്യയിലേക്ക് പോകുന്നത്. സൗദി അറേബ്യൻ തരംഗം കൂടുതൽ താരങ്ങളെ അങ്ങോട്ട് എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.