കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം വിജയിച്ചതിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഒരു ശ്രദ്ധേയമായ സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു. അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് താൻ ഒഴിഞ്ഞേക്കും എന്നുള്ള ഒരു സൂചനയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. എന്തുകൊണ്ട് അർജന്റീനയുടെ പരിശീലകൻ ഇങ്ങനെ പരസ്യമായി പറഞ്ഞു എന്നുള്ളതിന്റെ കാരണങ്ങളൊക്കെ മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. കോച്ചിംഗ് സ്റ്റാഫിനും അർജന്റീന ഫുട്ബോൾ അസോസിയേഷനും ഇടയിൽ ആഭ്യന്തരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.
അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ESPN അർജന്റീന ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിനുള്ള ബോണസ് ഇതുവരെ സ്കലോണിക്കോ അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫിനോ ലഭിച്ചിട്ടില്ല. അർഹമായ ഒരു പരിഗണന AFA ഇവർക്ക് നൽകുന്നില്ല. മാത്രമല്ല ഇപ്പോഴും ഇടക്കാല പരിശീലകർ എന്ന പരിഗണന മാത്രമാണ് നൽകുന്നത്. ഈ ബോണസ് നൽകാത്തതാണ് ഇവിടത്തെ ഏറ്റവും വലിയ വിഷയമായി മാറിയിരിക്കുന്നു.
ഇതേ തുടർന്ന് സ്‌കലോണിയും ക്ലോഡിയോ ടാപ്പിയയും തമ്മിലുള്ള ബന്ധം പൂർണ്ണമായും വഷളായിട്ടുണ്ട്. പക്ഷേ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് ഇപ്പോൾ ടാപ്പിയ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.അദ്ദേഹം ഈ കോച്ചിംഗ് സ്റ്റാഫിന് പുതിയ ഒരു പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്ന പ്രൊപ്പോസലാണ് നൽകിയിട്ടുള്ളത്.അത് എന്താണ് എന്നത് വ്യക്തമല്ല. പക്ഷേ സ്കലോണിക്ക് മുന്നിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അത് നൽകി കഴിഞ്ഞു.
ഈ പ്രൊപ്പോസലിന്റെ കാര്യത്തിൽ അർജന്റീന ടീമിലെ കോച്ചിംഗ് സ്റ്റാഫുകൾ വിർച്ചൽ മീറ്റിംഗ് നടത്തുകയാണ്.ഭാവിയെക്കുറിച്ച് ചിന്തിക്കാൻ അവർക്ക് സമയം ആവശ്യമാണ്.സ്‌കലോണിയും സംഘവും കൂടുതൽ ചർച്ചകൾ നടത്തി കൊണ്ടാണ് ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുക. ഏതായാലും ഉടനടി രാജിവെക്കാൻ സ്‌കലോണിക്കും കൂട്ടർക്കും പദ്ധതികൾ ഒന്നുമില്ല. പക്ഷേ രാജി ഇപ്പോഴും അവർ പരിഗണിക്കുന്നുണ്ട്. ചർച്ച ചെയ്തുകൊണ്ടാണ് അന്തിമ തീരുമാനം എടുക്കുക.
എല്ലാം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷയിൽ തന്നെയാണ് അർജന്റീനയുടെ ആരാധകരുള്ളത്.ഇനി മാർച്ച് മാസത്തിൽ മാത്രമാണ് അർജന്റീന കളിക്കുക. ഇതെല്ലാം പരിഹരിക്കാനുള്ള ആവശ്യമായ സമയം ഇവരുടെ മുന്നിലുണ്ട്. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിൽ ടീമിനോടൊപ്പം സ്‌കലോണിയും ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.