കുടുംബത്തെ തൊട്ടു കളിച്ചാൽ ആരായാലും പ്രതികരിക്കും:അർജന്റൈൻ കോച്ച് സ്‌കലോണി
അർജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിന് ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. നാളെ പുലർച്ചെ 5:30നാണ് ഈ ഫൈനൽ നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയമാണ് ഇതിന് വേദിയാകുന്നത്. ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.
ഉറുഗ്വയെ തോൽപ്പിച്ചു കൊണ്ടാണ് കൊളംബിയ ഫൈനലിന് യോഗ്യത കരസ്ഥമാക്കിയത്. ആ മത്സരത്തിനുശേഷം ഒരുപാട് നാടകീയ സംഭവങ്ങൾ നടന്നിരുന്നു. അതിലൊന്ന് ഉറുഗ്വൻ താരങ്ങളായ നുനസും അരൗഹോയുമൊക്കെ സ്റ്റേഡിയത്തിൽ കയറി കൊളംബിയൻ ആരാധകരെ ആക്രമിക്കാൻ തുനിഞ്ഞതായിരുന്നു. എന്നാൽ ആദ്യം കൊളംബിയൻ ആരാധകർ ഇവരുടെ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതോടുകൂടിയാണ് ഈ താരങ്ങൾക്ക് ഇതിൽ ഇടപെടേണ്ടിവന്നത്.
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം അപകടത്തിലായാൽ ഏതൊരാളും പ്രതികരിക്കും എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ ഉണ്ടാവില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും സ്‌കലോണി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.
നമ്മുടെ കുടുംബം അപകടത്തിലാണെന്ന് കണ്ടാൽ ഏതൊരാളാണെങ്കിലും പ്രതികരിക്കും.ഉറുഗ്വ ചെയ്തത് അതാണ്.നാളത്തെ മത്സരത്തിൽ ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.എല്ലാം നല്ല രീതിയിൽ അവസാനിക്കട്ടെ.കിരീട നേട്ടത്തോടുകൂടി തന്നെ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ മത്സരത്തിനുശേഷം ഞാൻ ഗ്രൗണ്ടിന്റെ മോശം അവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നു.പിന്നീട് ഞാൻ മിണ്ടാതിരിക്കാൻ തീരുമാനിക്കുകയായിരുന്നു.കാരണം നമ്മൾ സംസാരിച്ചിട്ട് ഇവിടെ കാര്യമൊന്നും ഉണ്ടാകാൻ പോകുന്നില്ല, ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
വളരെയധികം ഫിസിക്കലായ ഒരു ഗെയിം തന്നെയായിരിക്കും അർജന്റീനക്ക് കൊളംബിയയുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വരില്ല. ബ്രസീലിനെ സമനിലയിൽ തളച്ച അവർ ഉറുഗ്വയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല അവസാനമായി കളിച്ച 28 മത്സരങ്ങളിൽ ഒന്നിൽ പോലും അവർക്ക് തോൽവി അറിയേണ്ടി വന്നിട്ടില്ല.