കോപ അമേരിക്കക്കുള്ള സ്‌ക്വാഡിൽ ഒരു ടീമിനെ 26 താരങ്ങളെ ഉൾപ്പെടുത്താനാണ് അനുമതിയുള്ളത്. എന്നാൽ അർജന്റീന ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നില്ല. മറിച്ച് 29 താരങ്ങളുള്ള ഒരു സ്‌ക്വാഡായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 29 താരങ്ങൾ മത്സരങ്ങളുടെ ഭാഗമാണ്.ഇന്ന് നടന്ന സന്നാഹ മത്സരത്തിൽ അർജന്റീന വിജയിക്കുകയും ചെയ്തിരുന്നു.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. ഇനി ഗ്വാട്ടിമാലയാണ് അടുത്ത സന്നാഹ മത്സരത്തിലെ അർജന്റീനയുടെ എതിരാളികൾ. അതിനുശേഷമാണ് അർജന്റീന കോപക്കുള്ള ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കുക. ഇക്കാര്യം പരിശീലകനായ ലയണൽ സ്‌കലോണി തന്നെ പറഞ്ഞിട്ടുണ്ട്.
അതായത് നിലവിൽ ടീമിനോടൊപ്പമുള്ള മൂന്ന് താരങ്ങൾക്ക് ടീം വിടേണ്ടി വന്നേക്കും. ഡിഫൻസിൽ നിലവിൽ സ്ഥാനത്തിന് വേണ്ടി പോരാടുന്നത് മൂന്ന് താരങ്ങളാണ്.ക്വാർട്ട,ബലേർഡി,പെസല്ല എന്നിവരാണ് ആ താരങ്ങൾ.ഇതിൽ പെസല്ലക്ക് പരിക്കാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമാവാനാണ് സാധ്യത.
മറ്റൊരു സ്ഥാനത്തിന് വേണ്ടി പോരാടുന്നത് അക്യൂഞ്ഞയും വാലന്റയിൻ ബാർക്കോയുമാണ്.അക്യൂഞ്ഞക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടായിരുന്നു സ്‌കലോണി ടീമിലേക്ക് ബാർക്കോയെ കൂടി കൊണ്ടുവന്നത്.എന്നാൽ അക്യൂഞ്ഞ ഇപ്പോൾ ഓക്കെയാണ്. അതുകൊണ്ടുതന്നെ ബാർക്കോക്ക് സ്ഥാനം നഷ്ടമാകും.
കൊറേയ,കാർബോണി എന്നിവരാണ് അടുത്ത സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത്. ഇതിൽ ആരെയാണ് കോച്ച് ഒഴിവാക്കുക എന്നത് വ്യക്തമല്ല.ഏതായാലും ഇതിലെ ഒരാൾക്ക് കൂടി സ്ഥാനം നഷ്ടമാകും. ഇങ്ങനെ മൂന്നുപേർക്കാണ് കോപ അമേരിക്കയിൽ പങ്കെടുക്കാൻ സാധിക്കാതെ പോവുക.അടുത്ത മത്സരത്തിനുശേഷം ഇതിലെ തീരുമാനം അറിയാൻ കഴിയും.