കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദോയി,പെപ്ര എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്.മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തി എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി കുറച്ചിരുന്നു. അതുകൊണ്ടുതന്നെ പതിനേഴായിരത്തോളം ആരാധകരായിരുന്നു ആദ്യ മത്സരത്തിന് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിന് 25000 ത്തോളം ആരാധകർ ബ്ലാസ്റ്റേഴ്സ് മൈതാനത്ത് എത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ 24911 ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ വേണ്ടി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ഇത് ഈയാഴ്ചയിലെ ഏറ്റവും വലിയ റെക്കോർഡാണ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ സെക്കൻഡ് റൗണ്ട് പോരാട്ടത്തിൽ ഏറ്റവും കൂടുതൽ അറ്റൻഡൻസ് രേഖപ്പെടുത്തിയ മത്സരം ബ്ലാസ്റ്റേഴ്സിന്റെ മത്സരം തന്നെയാണ്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ ആക്കിയിട്ടുള്ളത്. മോഹൻ ബഗാനും നോർത്ത് ഈസ്റ്റും തമ്മിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മോഹൻ ബഗാൻ വിജയിച്ചിരുന്നു.23035 ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. രണ്ടാം സ്ഥാനമാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്.
ജംഷെഡ്പൂരും മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരമാണ് മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്.16311 ആരാധകരാണ് ഈ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിട്ടുള്ളത്.നാലാമത് പഞ്ചാബും ഒഡിഷയും തമ്മിലുള്ള മത്സരം വരുന്നു. ബംഗളുരുവും ഹൈദരാബാദും തമ്മിലുള്ള മത്സരം പിന്നീട് വരുന്നു. തുടർന്നാണ് മുഹമ്മദൻ എസ്സിയും ഗോവയും തമ്മിലുള്ള മത്സരം വരുന്നത്.
ഏതായാലും ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരം നോർത്ത് ഈസ്റ്റിനെതിരെയാണ് കളിക്കുക. അത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം എവേ മത്സരമാണ്. പിന്നീട് ബംഗളുരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരം കളിക്കുന്നുണ്ട്.ആ മത്സരത്തിൽ ഇതിനേക്കാൾ കൂടുതൽ ആരാധകർ പങ്കെടുക്കും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.