മുൻ ബാഴ്സ താരം,ബ്ലാസ്റ്റേഴ്സ് ശ്രമിച്ച അർജന്റൈൻ താരത്തിന്റെ വിവരങ്ങൾ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ ആരായിരിക്കും എന്നുള്ള കാര്യത്തിലാണ് ആരാധകർക്കിടയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നു. എന്നാൽ വ്യക്തമായ വിവരങ്ങൾ നൽകിയത് ടൈംസ് ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോ തന്നെയായിരുന്നു. മൂന്ന് സൂപ്പർ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് മൂന്നും പരാജയപ്പെടുകയായിരുന്നു എന്നുമുള്ള വിവരങ്ങൾ ഇന്നലെയായിരുന്നു അദ്ദേഹം നൽകിയിരുന്നത്.
അർജന്റീനയിൽ നിന്നുള്ള രണ്ട് താരങ്ങൾക്ക് വേണ്ടിയായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നത്.കൂടാതെ ഒരു ജർമ്മൻ താരത്തിന് വേണ്ടിയും ശ്രമങ്ങൾ നടത്തി. ഈ മൂന്ന് താരങ്ങളിൽ ഒരാൾ കഴിഞ്ഞ സീസണിൽ യൂറോപ ലീഗ് കളിച്ചതാണ്.ഈ ഹൈ പ്രൊഫൈലുകൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയത്. എന്നാൽ ഈ മൂന്നു താരങ്ങളും ആവശ്യപ്പെട്ട സാലറി വളരെ വലുതായിരുന്നു. അത് ബ്ലാസ്റ്റേഴ്സിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
അതുകൊണ്ട് ഈ ട്രാൻസ്ഫറുകൾ നടക്കാതെ പോയി എന്നാണ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ മൂന്ന് താരങ്ങളിൽ ഒരാൾ ആരാണ് എന്നുള്ളത് ഇപ്പോൾ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.അർജന്റൈൻ സ്ട്രൈക്കറായ സെർജിയോ അരൗഹോക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിട്ടുള്ളത്.മുൻപ് എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിച്ച താരമാണ് സെർജിയോ അരൗഹോ.
അർജന്റൈൻ ക്ലബ്ബ് ബൊക്ക ജൂനിയേഴ്സിലൂടെ വളർന്ന ഈ താരം ബാഴ്സ ബിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കൂടാതെ ലാസ് പാൽമസ്,AEK ഏതൻസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.അർജന്റീനയുടെ അണ്ടർ 17,അണ്ടർ 20,അണ്ടർ 23 ടീമുകൾക്ക് വേണ്ടി കളിച്ച താരം കൂടിയാണ് ഇദ്ദേഹം.12 കോടി രൂപയാണ് നിലവിൽ അദ്ദേഹത്തിന്റെ മൂല്യം. 32 കാരനായ താരം നിലവിൽ ഫ്രീ ഏജന്റ് ആണ്.
എന്നാൽ സാലറി ഡിമാൻഡുകൾ കാരണം ഇത് നടക്കാതെ പോവുകയായിരുന്നു. ഏതായാലും ബ്ലാസ്റ്റേഴ്സ് ഇനി ഏത് സ്ട്രൈക്കറെ ആയിരിക്കും കൊണ്ടുവരിക എന്നുള്ളത് മാത്രമാണ് ആരാധകർക്ക് അറിയേണ്ടത്.കഴിഞ്ഞ കഥകൾക്ക് പ്രസക്തിയില്ല.ദിമിയുടെ വിടവ് നികത്താൻ ശേഷിയുള്ള ഒരു മികച്ച സ്ട്രൈക്കർ തന്നെ വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.