കേരള ബ്ലാസ്റ്റേഴ്സല്ല, ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ്: പ്രഖ്യാപിച്ച് ഒഡീഷ കോച്ച് ലൊബേറ
ഇന്ന് ഐഎസ്എല്ലിൽ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഒഡീഷാ എഫ്സിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.കലിംഗ സ്റ്റേഡിയത്തിൽ വച്ച് ഒരു മത്സരം പോലും വിജയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്ന കാര്യമാണ്.
ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായി കൊണ്ടാണ് പ്ലേ ഓഫിൽ സ്ഥാനം നേടിയിട്ടുള്ളത്.അതേസമയം നാലാം സ്ഥാനത്താണ് ഒഡീഷ ഫിനിഷ് ചെയ്തിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് സെമിഫൈനലിന് യോഗ്യത കരസ്ഥമാക്കാൻ സാധിക്കും. അവിടെ കാത്തിരിക്കുന്നത് മോഹൻ ബഗാൻ എഫ്സിയാണ്.
ഇന്നത്തെ മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ പറഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരം മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഐഎസ്എൽ കിരീടം തന്നെ സ്വന്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.ലൊബേറ പറഞ്ഞത് ഇപ്രകാരമാണ്.
ഞങ്ങൾ ഐഎസ്എൽ ട്രോഫിക്ക് വേണ്ടിയാണ് പോരാടുന്നത്. ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.അവർ വളരെ മികച്ച ടീമാണ്.കാര്യങ്ങൾ ഒരിക്കലും എളുപ്പമാവില്ല. പക്ഷേ വിജയിക്കാൻ കഴിയുമെന്നും സെമിയിൽ എത്താൻ കഴിയുമെന്നും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. അവിടെ ഞങ്ങളെ കാത്തിരിക്കുക ഷീൽഡ് ജേതാക്കളാണ്. ഞങ്ങൾക്ക് ഏത് സ്റ്റേജിലും പോരാടാൻ കഴിയുമെന്നും വിജയിക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് അവിടെ തെളിയിക്കേണ്ടതുണ്ട്,ലൊബേറ പറഞ്ഞു.
സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ആരാധകർക്ക് അമിത പ്രതീക്ഷകൾ ഒന്നുമില്ല. അതേസമയം അവസാനത്തെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് ഒഡീഷ ഇപ്പോൾ വരുന്നത്.