കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും വളരെയധികം നിരാശരാണ്. 8 മത്സരങ്ങൾ കളിച്ചിട്ട് രണ്ടു മത്സരങ്ങൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് പോലും കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടുകൾ ഏറ്റുവാങ്ങേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ക്ലബ്ബിനെതിരെ ശബ്ദമുയർത്തി തുടങ്ങിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ സെറ്റ് പീസ് പരിശീലകനെ നിയമിച്ചിരുന്നു. പോർച്ചുഗീസുകാരനായ ഫ്രഡറിക്കോ മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്. എന്നാൽ സെറ്റ്പീസുകൾ ഒന്നു പോലും ഉപയോഗപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.43 കോർണർ കിക്കുകളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.ഒന്നുപോലും ബ്ലാസ്റ്റേഴ്സിന് ഗോളാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല. അത്രയും പരിതാപകരമായ അവസ്ഥയാണ് നമ്മുടെ സെറ്റ് പീസ് ഡിപ്പാർട്ട്മെന്റിൽ ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ മഞ്ഞപ്പട ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു. അതിൽ സെറ്റ്പീസുകളെക്കുറിച്ചും അവർ പരാമർശിക്കുന്നുണ്ട്.ആ ഭാഗം നമുക്ക് നോക്കാം.
‘സെറ്റ്പീസുകൾ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. എടുത്തുപറയേണ്ടത് ആ ഡിപ്പാർട്ട്മെന്റിൽ നമ്മൾ ഈ സീസണിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിട്ടും കൃത്യമായ ചാൻസുകൾ പോലും ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിയുന്നില്ല. എന്താണ് നമ്മുടെ പ്ലാനുകൾ?സെറ്റ്പീസുകൾ വളരെയധികം ഗുണകരമാവേണ്ട ഒരു ഘടകമാണ്. പക്ഷേ കളിക്കളത്തിൽ നമ്മൾ അതെല്ലാം പാഴാക്കിക്കളയുന്നു ‘ഇതാണ് മഞ്ഞപ്പട പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ കുറെ സീസണുകളായി സെറ്റ്പീസുകളിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയ പരാജയമാണ്. ഇത്തവണ അതിന് പരിഹാരം ഉണ്ടാകും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.പക്ഷേ യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല.അത് ആരാധകരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണ്.