സോം ചില്ലറക്കാരനല്ല:പുകഴ്ത്തി സ്പോർട്ടിങ് ഡയറക്ടർ!
കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ രണ്ട് ഗോൾ കീപ്പർമാറായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞിരുന്നത്.ഒരാൾ ലാറ ശർമയായിരുന്നു. മറ്റൊരാൾ വെറ്ററൻ താരമായ കരൺജിത് സിങായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഗോൾകീപ്പർമാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായി വരികയായിരുന്നു. അങ്ങനെയാണ് നോറ ഫെർണാണ്ടസിനേയും സോം കുമാറിനെയും കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരുന്നത്.
നിലവിൽ നാല് ഗോൾ കീപ്പർമാർ ബ്ലാസ്റ്റേഴ്സിനുണ്ട്. മുകളിൽ പറഞ്ഞ രണ്ടു പേരെ കൂടാതെ സച്ചിൻ സുരേഷ്, മുഹമ്മദ് അർബ്ബാസ് എന്നിവരാണ് മറ്റ് രണ്ട് പേർ.സച്ചിൻ ഇപ്പോഴും പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ല. അതുകൊണ്ടുതന്നെ ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുന്നത് സോം കുമാറിനെയാണ്.കേവലം 19 വയസ്സ് മാത്രമാണ് ഈ താരത്തിന് ഉള്ളത്.
ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ഗോൾകീപ്പറാണ് അദ്ദേഹം. പക്ഷേ കഴിഞ്ഞ കുറേ സീസണുകൾ അദ്ദേഹം യൂറോപ്പിലായിരുന്നു കളിച്ചിരുന്നത്. അതിന്റെ ഒരു പരിചയസമ്പത്ത് ഈ യുവ താരത്തിന് ഉണ്ട്.താരത്തെ പ്രശംസിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. വളരെയധികം പൊട്ടൻഷ്യൽ ഉള്ള ഒരു താരമാണ് സോം കുമാർ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ അഭിമുഖത്തിലെ വാക്കുകൾ ഇപ്രകാരമാണ്.
‘ നമ്മുടെ രാജ്യത്തുള്ള ഏറ്റവും കൂടുതൽ കഴിവുള്ള താരങ്ങളിൽ ഒരാളാണ് സോം കുമാർ.തീർച്ചയായും എല്ലാം അദ്ദേഹത്തിന്റെ കൈകളിലാണ്. അദ്ദേഹം തന്റെ ജോലി ഭംഗിയായി നിർവഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ‘ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റിന്റെ കാര്യത്തിൽ ഇപ്പോൾ ആരാധകർക്ക് ആശങ്കകൾ ഒന്നുമില്ല.കാരണം എല്ലാവരും മികച്ച താരങ്ങളാണ്. പക്ഷേ മറ്റു പല പൊസിഷനുകളുടെയും കാര്യത്തിലാണ് എല്ലാവർക്കും ആശങ്കയുള്ളത്. പല പൊസിഷനുകളിലും കൃത്യമായ ബാക്കപ്പ് പോലുമില്ലാതെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കളിച്ചുകൊണ്ടിരിക്കുന്നത്.