ആരാധകർ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് നമുക്ക് വേണ്ടി ചിലവഴിക്കുന്നത്: ഓർമ്മപ്പെടുത്തലുമായി സോം കുമാർ!
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ആരാധകരും ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുമായി. കഴിഞ്ഞ 10 വർഷത്തോളമായി ബ്ലാസ്റ്റേഴ്സിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വലിയ ആരാധകക്കൂട്ടം കേരളത്തിലുണ്ട്. ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഹൈയസ്റ്റ് അറ്റൻഡൻസ് എടുത്തു കഴിഞ്ഞാൽ അവിടെ ബ്ലാസ്റ്റേഴ്സിനെ നമുക്ക് കാണാൻ കഴിയും.ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ആരാധക പിന്തുണ മറ്റുള്ളവർക്കെല്ലാം അസൂയ ഉണ്ടാക്കുന്ന കാര്യമാണ്.
എടുത്തുപറയേണ്ടത് ഒരു കിരീടം പോലും ഇതുവരെ സ്വന്തമാക്കാൻ കഴിയാഞ്ഞിട്ട് പോലും ആരാധകർ ക്ലബ്ബിനെ ഇട്ടിട്ടു പോയില്ല എന്നുള്ളതാണ്. ഒരു ദിവസത്തെ ജോലി കളഞ്ഞ്, വലിയ ഒരു തുക ടിക്കറ്റിനായും യാത്രക്കാരും മുടക്കി കൊണ്ടാണ് പല ബ്ലാസ്റ്റേഴ്സ് ആരാധകരും ക്ലബ്ബിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്താറുള്ളത്. പക്ഷേ പലപ്പോഴും നിരാശകൾ മാത്രം ബാക്കിവച്ചുകൊണ്ടാണ് അവർക്ക് മടങ്ങേണ്ടി വരാറുള്ളത്. എന്നിരുന്നാലും പുതിയ സീസൺ വരുമ്പോൾ പുതിയ പ്രതീക്ഷകളുമായി ആരാധകർ ക്ലബ്ബിനെ പിന്തുണക്കാൻ ഉണ്ടാവും.
19 വയസ്സ് മാത്രമുള്ള സോം കുമാർ എന്ന ഗോൾ കീപ്പറെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. വളരെ പക്വതയാർന്ന ഒരു അഭിപ്രായം താരം ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ വേണ്ടി ചിലവഴിക്കുന്നതെന്നും അവർക്ക് വേണ്ടി ഒരു കിരീടമെങ്കിലും ക്ലബ്ബ് നേടേണ്ടതുണ്ട് എന്നുമാണ് സോം കുമാർ പറഞ്ഞിട്ടുള്ളത്.കെബിഎഫ്സി ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സീസണിലെ ഞങ്ങളുടെ ലക്ഷ്യം തീർച്ചയായും കിരീടം നേടുക എന്നുള്ളത് തന്നെയാണ്.കാരണം ഇവിടുത്തെ ആരാധകർ അത് അർഹിക്കുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ചിലവഴിച്ചു കൊണ്ടാണ് സ്റ്റേഡിയത്തിലേക്ക് വരുന്നതും ക്ലബ്ബിനെ സപ്പോർട്ട് ചെയ്യുന്നതും. ഭൂരിഭാഗം എല്ലാം മത്സരങ്ങളിലും സ്റ്റേഡിയം നിറഞ്ഞു കവിയാറുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് വേണ്ടിയെങ്കിലും ഞങ്ങൾ ഇത്തവണ കിരീടം നേടേണ്ടതുണ്ട് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ഒരു സുപ്രധാന മാറ്റം ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് വരുത്തിയിട്ടുണ്ട്. പുതിയ പരിശീലകനായി കൊണ്ട് അവർ നിയമിച്ചത് സ്റ്റാറെയെയാണ്. അദ്ദേഹത്തിന് കീഴിൽ ബ്ലാസ്റ്റേഴ്സ് കന്നി കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇനി ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.