ധൈര്യം കാണിച്ചില്ലെങ്കിൽ ഗോളാകുമായിരുന്നു, കളിക്കാൻ അനുവദിക്കാതിരുന്നത് ഫിസിയോസ്: ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ

ഡ്യൂറന്റ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിരവൈരികളായ ബംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജോർഹെ പെരേര ഡയസ് നേടിയ ഗോൾ ആയിരുന്നു അവർക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം സംഭവിച്ചിരുന്നു. ഗോൾകീപ്പർ സോം കുമാർ പരിക്ക് കാരണം പുറത്താവുകയായിരുന്നു. ബോളിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഡയസിന്റെ തലയുമായി അദ്ദേഹത്തിന്റെ തല കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം കളത്തിൽ വീണു. പിന്നീട് ചികിത്സ തേടി കളത്തിൽ തുടരാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും സാധിക്കാതെ വരികയായിരുന്നു.അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. പകരം സച്ചിൻ സുരേഷായിരുന്നു ഗോൾവല കാത്തിരുന്നത്.

ഇതേക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ സോം കുമാർ പറഞ്ഞിട്ടുണ്ട്.ആ പന്തിലേക്ക് ആദ്യം എത്താനുള്ള ധൈര്യം കാണിച്ചില്ലായിരുന്നുവെങ്കിൽ അത് ഗോളാകുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ തുടരാൻ വേണ്ടി താൻ ശ്രമിച്ചുവെങ്കിലും ഫിസിയോസ് അതിന് അനുമതി നൽകിയില്ല എന്നും സോം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘അത് സംഭവിച്ചതിനുശേഷം എഴുന്നേൽക്കാനും കളി തുടരാനും ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിന് സമ്മതിക്കാതിരുന്നത് ഫിസിയോസാണ്.പരിക്ക് ഒരല്പം സാരമുള്ളതാണെന്നും എനിക്ക് കളിക്കാൻ കഴിയില്ലെന്നും അവർ എന്നെ അറിയിച്ചു. ആദ്യം ആ പന്തിലേക്ക് എത്തിയില്ലായിരുന്നുവെങ്കിൽ അത് ഗോളായി മാറുമായിരുന്നു. അതുകൊണ്ടാണ് ധൈര്യം കാണിച്ച് ഞാൻ ആ പന്തിലേക്ക് എത്താൻ ശ്രമിച്ചത് ‘സോം പറഞ്ഞു.

ആറ് സ്റ്റിച്ചുകളാണ് അദ്ദേഹത്തിന്റെ തലയിൽ ഇടേണ്ടി വന്നിട്ടുള്ളത്.താരത്തിന് ഒരല്പം വിശ്രമം ആവശ്യമാണ്. പക്ഷേ ഐഎസ്എൽ തുടങ്ങുന്നതിന് മുൻപേ അദ്ദേഹം പൂർണ ആരോഗ്യവാനായി കൊണ്ട് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Kerala BlastersSom kumar
Comments (0)
Add Comment