സോമിനെതിരെ വിമർശനം ഉന്നയിച്ചിട്ട് കാര്യമില്ല,ബ്ലാസ്റ്റേഴ്സ് നിലപാട് കൂടി അറിയുക!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും നിരാശരാണ്.8 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ഒരുപാട് പ്രശ്നങ്ങൾ ക്ലബ്ബിനുണ്ട് എന്നത് കഴിഞ്ഞ 8 മത്സരങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് തന്നെയാണ്. രണ്ട് ഗോൾകീപ്പർമാരെയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിൽ സച്ചിൻ സുരേഷ് വല കാത്തു. നാല് മത്സരങ്ങളിൽ സോം കുമാറും വല കാത്തു.സച്ചിൻ നാല് മത്സരങ്ങളിൽ നിന്ന് എട്ട് സേവുകളാണ് നടത്തിയിട്ടുള്ളത്. അതേസമയം സോം 4 മത്സരങ്ങളിൽ നിന്ന് മൂന്ന് സേവുകളാണ് നടത്തിയിട്ടുള്ളത്.
പക്ഷേ രണ്ട് താരങ്ങളും ഒട്ടേറെ പിഴവുകൾ വരുത്തി വെച്ചിട്ടുണ്ട്.ബോളുകൾ കൈപ്പിടിയിൽ ഒതുക്കുന്നതിൽ പലപ്പോഴും ഈ രണ്ടു താരങ്ങൾക്കും പിഴച്ചിട്ടുണ്ട്. രണ്ടുപേരുടെയും പിഴവുകൾ കാരണം ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.അതുകൊണ്ടുതന്നെ വിമർശനങ്ങളും അധികരിച്ചിരുന്നു.സോമിനെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
കേവലം 19 വയസ്സ് മാത്രമുള്ള താരമാണ് സോം കുമാർ. ഒരുപാട് കാലം യൂറോപ്പിൽ കളിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് കൃത്യമായ നിലപാട് എടുത്തു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ മോശം പ്രകടനം കാരണം അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് തള്ളിക്കളയില്ല.അദ്ദേഹമാണ് നമ്മുടെ ഭാവി എന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിശ്വസിക്കുന്നത്.
അതായത് ദീർഘകാലം അദ്ദേഹത്തെ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ.നിലവിൽ താരത്തിന് ആത്മവിശ്വാസത്തിന്റെ കുറവുണ്ട്. അത് പ്രായത്തിന്റെ പ്രശ്നമാണ്. കുറച്ചുകൂടി മത്സരങ്ങൾ കളിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ഈ കോൺഫിഡൻസ് ഇല്ലായ്മ മാറും എന്നാണ് ക്ലബ്ബ് വിശ്വസിക്കുന്നത്. ഭാവിയിൽ ബ്ലാസ്റ്റേഴ്സിന് സോം കുമാർ ഒരു മുതൽക്കൂട്ടാവും എന്നാണ് ക്ലബ്ബ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ദീർഘകാലത്തേക്ക് ക്ലബ്ബിനകത്ത് നിലനിർത്തുക എന്ന നിലപാടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചിട്ടുള്ളത്.