കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് അവരുടെ മൈതാനത്ത് വിജയിച്ചു കയറുകയായിരുന്നു. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒന്ന് പുറകിൽ പോയെങ്കിലും രണ്ടാം പകുതിയിൽ പൂർവാധികം ശക്തിയോടുകൂടി തിരികെ വന്നു.പെപ്ര,ജീസസ് എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾവല കാത്തിരുന്നത് കേവലം 19 വയസ് മാത്രമുള്ള സോം കുമാറായിരുന്നു. അദ്ദേഹത്തിന്റെ ഐഎസ്എൽ അരങ്ങേറ്റ മത്സരമായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം വില്ലനായോ എന്ന് ചോദിച്ചിരുന്നു.കാരണം ഒരു പെനാൽറ്റി അദ്ദേഹം വഴങ്ങുകയും അത് ഗോളായി മാറുകയും ചെയ്തു.പക്ഷേ അദ്ദേഹം ഹീറോയായി മാറുകയാണ് ചെയ്തത്.കാരണം ജീവന്റെ വിലയുള്ള ഒരു സേവ് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അദ്ദേഹം നടത്തി.
മുഹമ്മദൻ എസ്സിക്ക് ഗോളടിക്കാനുള്ള ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. പക്ഷേ സോമിന്റെ ധീരമായ ഇടപെടൽ കാരണം ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുകയായിരുന്നു.ആ സേവ് ഇല്ലായിരുന്നുവെങ്കിൽ മത്സരം സമനിലയിൽ കലാശിക്കുമായിരുന്നു.ഏതായാലും അരങ്ങേറ്റം മത്സരത്തിലെ ഹീറോയിസത്തിന് പുറമേ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾകീപ്പർ എന്ന റെക്കോർഡ് ആണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. അരങ്ങേറുമ്പോൾ താരത്തിന്റെ പ്രായം 19 വയസ്സും 236 ദിവസവും ആണ്. ഒന്നാം സ്ഥാനത്ത് ഉള്ളത് ധീരജ് സിങാണ്. അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി അരങ്ങേറുന്ന സമയത്ത് 18 വർഷവും 87 ദിവസവും ആയിരുന്നു പ്രായമുണ്ടാകുന്നത്.
അതേസമയം ഐഎസ്എല്ലിന്റെ ചരിത്രത്തിലും ഇടം നേടാൻ സോമിന് കഴിഞ്ഞിട്ടുണ്ട്.ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ഗോൾകീപ്പർ എന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. അങ്ങനെ റെക്കോർഡ് നേടാൻ കഴിഞ്ഞതും അദ്ദേഹത്തിന് ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്.