ഇവാനെ കൈവിടരുത്,ഈ അവസരത്തിലാണ് അദ്ദേഹത്തിന് ക്ലബ്ബിനും ഏറ്റവും കൂടുതൽ സപ്പോർട്ട് വേണ്ടത്, അഭ്യർത്ഥനയുമായി ഒരു കൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകർ.
കേരള ബ്ലാസ്റ്റേഴ്സ് വളരെ പരിതാപകരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. ഇതോടെ ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച 5 മത്സരങ്ങളിലും പരാജയപ്പെട്ടു കഴിഞ്ഞു.
വുക്മനോവിച്ചിനെ കീഴിലെ ഏറ്റവും മോശം പ്രകടനമാണ് ഇപ്പോൾ ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിശീലകന് വലിയ വിമർശനങ്ങൾ ഏൽൽക്കേണ്ടി വന്നിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട പല താരങ്ങളും പരിക്കിന്റെ പിടിയിലാണ് എന്ന വസ്തുത മറക്കാൻ പാടില്ല. ഈ സീസണിൽ ഉടനീളം പരിക്ക് ബ്ലാസ്റ്റേഴ്സിനെ വല്ലാതെ വലച്ചിട്ടുണ്ട്. ഈയൊരു അവസരത്തിൽ ഇവാനെ ചേർത്തുപിടിക്കുകയാണ് വേണ്ടത്, ഈ സമയത്താണ് അദ്ദേഹത്തിനും ക്ലബ്ബിനും ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് എന്ന അഭ്യർത്ഥനയുമായി ചില ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ തുറന്ന് കാണിക്കുന്നത് ഒരു നല്ല തുടക്കത്തിന്റെ ഗുണം എത്രത്തോളം ഉണ്ട് എന്നതാണ്. മോശം പ്രകടനം നടത്തിയിട്ടും പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും അവർക്കുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പല ആരാധകരും പരിശീലകനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. മൂന്ന് സീസണുകളിലും പ്ലേ ഓഫ് നേടിക്കൊടുക്കുന്ന പരിശീലകനാണ് അദ്ദേഹം,അത് മറക്കരുത്, ഇതാണ് ഒരു എതിർ ആരാധകൻ എഴുതിയിട്ടുള്ളത്.
നമ്മുടെ ടീമിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ആവശ്യമുള്ള സമയം ഇതാണ്.കുറ്റപ്പെടുത്തലുകൾ അവസാനിപ്പിക്കുക.ഐക്യത്തോടുകൂടി ഒരുമിച്ച് നിൽക്കുക. ടീമിനെ പ്രചോദനങ്ങൾ നൽകുക.തീർച്ചയായും കാര്യങ്ങൾ മെച്ചപ്പെടും.ഇതിനെ നമ്മൾ തരണം ചെയ്യുകയും ചെയ്യും,ഇതാണ് ഒരു ആരാധകൻ കുറിച്ചിട്ടുള്ളത്.
പരിശീലകനെ പുറത്താക്കണമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ടീമിന്റെ സ്റ്റാറ്റിസ്റ്റിക്സുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്,സെറ്റ് പീസുകളിൽ വർക്ക് ചെയ്യേണ്ടതുണ്ട്, നമ്മുടെ ട്രസ്റ്റ് വർദ്ധിപ്പിച്ച വ്യക്തിയാണ് അദ്ദേഹം,പ്രതീക്ഷകൾ കൈവിടാതിരിക്കുക, അടുത്തതിനു വേണ്ടി കാത്തിരിക്കുക,ഇതാണ് ഒരു ആരാധകൻ കുറിച്ചിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് എത്രയും പെട്ടെന്ന് കരകയറൽ നിർബന്ധമായ ഒരു സാഹചര്യമാണിത്. ഇനിയും തോൽവികൾ ഏറ്റുവാങ്ങിയാൽ കാര്യങ്ങൾ സങ്കീർണ്ണം ആകും.അടുത്ത മത്സരത്തിൽ എങ്കിലും വിജയം നേടേണ്ടതുണ്ട്.പക്ഷേ ഗോവക്കെതിരെ വിജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.