ഒട്ടും അർഹിക്കാത്ത തോൽവിയാണ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടിവന്നത്.3-1 എന്ന സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായ ബംഗളൂരു എഫ്സി തോൽപ്പിച്ചത്. മികച്ച പ്രകടനം നടത്തിയിട്ടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. അതിന് സ്വയം പഴിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല. കാരണം ബ്ലാസ്റ്റേഴ്സ് വരുത്തി വെച്ച പിഴവുകൾ തന്നെയാണ് ഈ തോൽവിക്ക് കാരണമായിട്ടുള്ളത്.
ഗോൾകീപ്പറുടെയും പ്രതിരോധ നിരയുടെയും പിഴവുകളിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങിയത്. ഇതിന്റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സോം കുമാറിന് ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഒരൊറ്റ മിസ്റ്റേക്കിന്റെ പേരിൽ ഈ ഗോൾകീപ്പറെ കുറ്റപ്പെടുത്തുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല. ഏതൊരാൾക്കും മിസ്റ്റേക്കുകൾ പറ്റുക എന്നത് സ്വാഭാവികമായ കാര്യമാണ്.
സോം കുമാറിനെ ക്രൂശിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം നടത്തിയ സേവ് മറക്കാൻ പാടില്ല. മാത്രമല്ല ഒരു മിസ്റ്റേക്കിന്റെ പേരിൽ അദ്ദേഹത്തിന്റെ കഴിവിനെ ഒരിക്കലും ചോദ്യം ചെയ്യരുത്.കേവലം 19 വയസ്സ് മാത്രമുള്ള ഒരു ഗോൾകീപ്പറാണ് അദ്ദേഹം. വലിയ ഒരു ഭാവി തന്നെ അദ്ദേഹത്തിന്റെ മുന്നിലുണ്ട് എന്ന കാര്യം വിസ്മരിക്കാൻ പാടില്ല.
കഴിഞ്ഞ മത്സരത്തിലാണ് അദ്ദേഹം അരങ്ങേറ്റം നടത്തിയത്. മാത്രമല്ല ഇത്രയും വലിയ ആരാധക കൂട്ടത്തിനു മുൻപിൽ, ഇത്രയധികം സമ്മർദ്ദം ഏറിയ മത്സരം കളിച്ച് പരിചയമില്ലാത്ത ഗോൾകീപ്പറാണ് സോം കുമാർ. ആ പരിചയക്കുറവ് മാത്രമാണ് ഈ മിസ്റ്റേക്ക് കാരണമായിട്ടുള്ളത്. ഇത്രയും വലിയ പ്രഷർ അതിജീവിക്കാൻ എപ്പോഴും എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല. അതുകൊണ്ടുതന്നെ ഈ താരത്തെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.
ആദ്യത്തെയും മൂന്നാമത്തെയും ഗോളിന് സോമിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല. അത് പ്രതിരോധനിരയുടെ കുറ്റമാണ്.രണ്ടാമത്തെ ഗോൾ മാത്രമാണ് അദ്ദേഹത്തിന്റെ പിഴവിൽ നിന്നും പിറന്നിട്ടുള്ളത്.ഇനി അത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കുക എന്നത് മാത്രമാണ് ഈ ഗോൾകീപ്പർക്ക് ചെയ്യാനുള്ളത്.