കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റിരിയോയെ സ്വന്തമാക്കിയത്.ന്യൂകാസിൽ ജെറ്റ്സ് എന്ന ക്ലബ്ബിൽ നിന്നായിരുന്നു താരത്തെ കൊണ്ടുവന്നിരുന്നത്.ഏകദേശം രണ്ട് കോടിക്ക് മുകളിൽ അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. രണ്ടുവർഷത്തെ കരാറായിരുന്നു അദ്ദേഹത്തിന് ക്ലബ്ബുമായി ഉണ്ടായിരുന്നത്.
എന്നാൽ കാര്യങ്ങൾ നല്ല രീതിയിൽ അല്ല മുന്നോട്ടുപോയത്.കഴിഞ്ഞ പ്രീ സീസൺ ട്രെയിനിങ്ങിന് ഇടയിൽ അദ്ദേഹത്തിന് പരിക്കേറ്റു.തുടർന്ന് കഴിഞ്ഞ സീസൺ മുഴുവനും അദ്ദേഹത്തിന് നഷ്ടമായി. ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഔദ്യോഗിക അരങ്ങേറ്റം കുറിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.അദ്ദേഹത്തിന്റെ കോൺട്രാക്ട് ക്ലബ്ബ് റദ്ദാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകൾ വരെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം ടീമിനോടൊപ്പം ഉണ്ട്.
തായ്‌ലാൻഡിൽ നടക്കുന്ന പ്രീ സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റതായി അറിയാൻ കഴിയുന്നുണ്ട്.തുടർന്ന് അദ്ദേഹം ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടിട്ടുണ്ട്.ചികിത്സക്ക് വേണ്ടി കൊൽക്കത്തയിലേക്ക് അദ്ദേഹമെത്തിയിട്ടുള്ളത്.ഡ്യൂറന്റ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലാണ് തമ്പടിക്കുന്നത്. അതുകൊണ്ടാണ് നേരത്തെ തന്നെ താരം കൊൽക്കത്തി
യിലേക്ക് എത്തിയിട്ടുള്ളത്.
പെപ്ര,സോറ്റിരിയോ എന്നിവരിൽ ഒരാളെ മാത്രം നിലനിർത്താനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു അന്തിമ തീരുമാനമെടുത്ത് കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. അതായത് പ്രീ സീസണിൽ മികച്ച പ്രകടനം നടത്താൻ പെപ്രക്ക് കഴിഞ്ഞിരുന്നു. അതേസമയം സോറ്റിരിയോക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനത്തിനു വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.