കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ ഇന്നലെയാണ് ഔദ്യോഗികമായി നിയമിച്ചത്. 48 കാരനായ സ്വീഡിഷ് പരിശീലകൻ മികേൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി കൊണ്ട് ചുമതലയേറ്റു കഴിഞ്ഞു. 17 വർഷത്തോളം പരിശീലകനായി കൊണ്ട് ഇദ്ദേഹം രംഗത്തുണ്ട്.സ്വീഡനിൽ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയ പരിശീലകൻ കൂടിയാണ് ഇദ്ദേഹം.ഏറ്റവും ഒടുവിൽ തായ്‌ലൻഡ് ലീഗിലായിരുന്നു ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നത്.
അവിടുത്തെ കണക്കുകൾ ഒരല്പം നിരാശപ്പെടുത്തുന്നതാണെങ്കിലും അത് വെച്ചുകൊണ്ട് മാത്രം അദ്ദേഹത്തെ വിലയിരുത്താൻ കഴിയില്ല. അതിനുമുൻപ് ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഒരു പരിശീലകനാണ് ഇദ്ദേഹം.ബ്ലാസ്റ്റേഴ്സിനെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഇദ്ദേഹത്തിന് കഴിയും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.2026 വരെയുള്ള രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.
അദ്ദേഹത്തെ സൈൻ ചെയ്തതിനുശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഉദ്ദേശിച്ചത് പോലെയുള്ള ഒരു പരിശീലകനെയാണ് ലഭിച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. വളരെയധികം പരിചയസമ്പത്തും കരുത്തുറ്റ ലീഡർഷിപ്പും ഉള്ള പരിശീലകനാണ് സ്റ്റാറെയെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്കിൻകിസിന്റെ വാക്കുകൾ ഇപ്രകാരമാണ്.
മികേൽ എക്സലന്റ് പരിശീലകനാണ്. ഒരുപാട് മോട്ടിവേഷനോടുകൂടിയും കിരീട ദാഹത്തോടെ കൂടിയുമാണ് അദ്ദേഹം വരുന്നത്. നമ്മുടെ പരിശീലകനിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എല്ലാം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന് വളരെ വലിയ പരിചയസമ്പത്ത് ഉണ്ട്, കൂടാതെ കരുത്തുറ്റ ലീഡർഷിപ്പും ഉണ്ട്. ഇദ്ദേഹത്തെ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്,ഇനി ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ടുപോകണം,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഏതായാലും കാതലായ മാറ്റങ്ങൾ ക്ലബ്ബിനകത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പരിശീലകനെ കൊണ്ടുവന്നെങ്കിലും സൂപ്പർതാരം ദിമിയെ നഷ്ടമായത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ഇനി താരങ്ങളെ കൊണ്ടുവരുന്നതിലായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ശ്രദ്ധകേന്ദ്രീകരിക്കുക.