കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ മോശം പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ വിമർശനങ്ങളും ഇരട്ടിയായി അധികരിച്ചിട്ടുണ്ട്. എല്ലാവർക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. പരിശീലകൻ സ്റ്റാറേക്കും സംഘത്തിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.താരങ്ങൾക്കും ക്ലബ്ബ് മാനേജ്മെന്റിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.സ്പോർട്ടിങ് ഡയറക്ടർ സ്കിൻകിസ്, ക്ലബ്ബിന്റെ ഉടമസ്ഥൻ നിഖിൽ,CEO അഭിക് ചാറ്റർജി എന്നിവർക്കൊക്കെ ലഭിക്കുന്ന വിമർശനങ്ങൾ ഏറെയാണ്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്കിൻകിസിനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. പകരം മറ്റാരെയെങ്കിലും സ്പോർട്ടിംഗ് ഡയറക്ടർ പൊസിഷനിലേക്ക് കൊണ്ടുവരാനാണ് അവർ ആവശ്യപ്പെടുന്നത്. മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാൻ കഴിയാത്തതിലും മികച്ച താരങ്ങളെ നിലനിർത്താൻ കഴിയാത്തതിലുമാണ് സ്പോർട്ടിംഗ് ഡയറക്ടർക്ക് വിമർശനങ്ങൾ ലഭിക്കുന്നത്. അദ്ദേഹത്തെ ഒഴിവാക്കണമെന്ന് പലരും അഭിപ്രായപ്പെടുമ്പോൾ വ്യത്യസ്തമായ അഭിപ്രായം ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ പങ്കുവെച്ചിട്ടുണ്ട്.എസ്ഡിയെ നിലനിർത്തണമെന്നാണ് അദ്ദേഹം പറയുന്നത്.അതിന്റെ കാരണങ്ങൾ ആരാധകർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
” ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്നത് സ്കിൻകിസ് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പക്ഷേ വിദേശ താരങ്ങളെ കൊണ്ടുവരുന്നലുള്ള അദ്ദേഹത്തിന്റെ കഴിവ് ടോപ് ക്ലാസ്സാണ്. സമാനതകളില്ലാത്ത ഒരു കഴിവ് തന്നെയാണ് അത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ റിക്രൂട്ട്മെന്റിന് വേണ്ടി വേറെ ആരെയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രത്യേകമായി നിയമിക്കുന്നതാണ് നല്ലത്. ഒരുപക്ഷേ അഭിക് അതിന് വേണ്ടിയായിരിക്കാം വന്നിട്ടുള്ളത് ” ഇതാണ് ബ്ലാസ്റ്റേഴ്സ് ആരാധകന്റെ അഭിപ്രായം.
ഈ പറഞ്ഞതിനോട് നമുക്ക് യോജിക്കേണ്ടിവരും.കാരണം നിരവധി വിദേശ സൂപ്പർ താരങ്ങളെ കൊണ്ടുവന്നിട്ടുള്ളത് സ്കിൻകിസാണ്.ലൂണ,ഡയസ്,ആൽവരോ,ലെസ്ക്കോവിച്ച്,ഇവാൻ കലിയൂഷ്നി,ജീസസ് ജിമിനസ് തുടങ്ങിയ താരങ്ങളെ കണ്ടെത്തി ടീമിലേക്ക് എത്തിച്ചത് സ്ക്കിൻകിസാണ്. മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരുന്നതിൽ മാത്രമാണ് അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കാതെ പോകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി ഇക്കാര്യത്തിൽ ക്ലബ്ബിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.