കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പഞ്ചാബിനോട് പരാജയപ്പെട്ടത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നിരാശ നൽകുന്ന കാര്യമാണ്. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പരാജയത്തിന്റെ കൈപ്പുനീർ കുടിക്കേണ്ടിവന്നു. അതും സ്വന്തം ആരാധകർക്ക് മുൻപിൽ തിരുവോണനാളിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഇത് ഈ തോൽവിയുടെ ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.തുടർച്ചയായ രണ്ടാം തവണയാണ് പഞ്ചാബ് കൊച്ചിയിൽ വന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു പോകുന്നത്.
മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും മോശമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. പ്രത്യേകിച്ച് ആദ്യപകുതിയിലേക്ക് വളരെ പരിതാപകരമായ പ്രകടനമാണ് ക്ലബ്ബ് നടത്തിയത്. രണ്ടാം പകുതിയിൽ വിബിൻ വന്നതിനുശേഷമാണ് കുറച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ഊർജ്ജം വെച്ചത്.പെപ്ര വളരെ മോശം പ്രകടനമാണ് നടത്തിയത്. രാഹുൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും ഒരു പുരോഗതിയും വന്നിട്ടില്ല എന്നത് വ്യക്തമാണ്. അറ്റാക്കിങ്ങിൽ യാതൊരു ഭീഷണിയും സൃഷ്ടിക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല.
ഐമനും പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.സഹീഫ് ഒരു ഗോൾ വഴങ്ങാൻ കാരണക്കാരനായി.നോവ സദോയി,ജീസസ്,വിബിൻ,കോയെഫ് എന്നിവരൊക്കെയാണ് മത്സരത്തിൽ ഒരല്പമെങ്കിലും മികച്ച രൂപത്തിൽ കളിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ കോർ നഷ്ടമായി എന്നാണ് ഒരു ആരാധകൻ ആരോപിച്ചിട്ടുള്ളത്.അത് പലരും ഇപ്പോൾ ഉയർത്തി കാണിക്കുന്നുണ്ട്.
ഒരുകാലത്ത് മികച്ച ഇന്ത്യൻ താരങ്ങൾ ഉള്ള ക്ലബ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ പലരെയും ബ്ലാസ്റ്റേഴ്സ് വിറ്റ് തുലച്ചു.സഹൽ,ജീക്സൺ എന്നിവരൊക്കെ ക്ലബ്ബ് വിട്ടിട്ടുണ്ട്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.സമീപകാലത്ത് കൊണ്ടുവന്ന ഇന്ത്യൻ താരങ്ങൾ ഒക്കെ തന്നെയും ശരാശരി താരങ്ങൾ മാത്രമായിരുന്നു. ഒരു മോശം ഇന്ത്യൻ സ്‌ക്വാഡ് തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഉള്ളത്.
സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ആരാധകർ ഇക്കാര്യം ഉയർത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ വളർന്നുവരുന്ന താരങ്ങളെ വച്ചുകൊണ്ടാണ് പലപ്പോഴും ക്ലബ്ബ് ഇത് അഡ്ജസ്റ്റ് ചെയ്യാറുള്ളത്. ഏതായാലും ഇന്ത്യൻ സ്‌ക്വാഡ് ദുർബലമാണ് എന്നത് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിട്ടുണ്ട്. ഇതിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് സ്പോട്ടിംഗ് ഡയറക്ടർ സ്കിൻകിസിന് തന്നെയാണ്. ഡൊമസ്റ്റിക് താരങ്ങളുടെ ഡിപ്പാർട്ട്മെന്റ് സ്കിൻകിസ് നശിപ്പിച്ചു എന്നാണ് ഒരു ആരാധകൻ ട്വിറ്ററിലൂടെ ആരോപിച്ചിട്ടുള്ളത്.ഏതായാലും ഇത്തവണ ഒരുപാട് പ്രതീക്ഷകൾ ഒന്നും ആരാധകർ വെച്ച് പുലർത്തുന്നില്ല.