മുംബൈ സിറ്റി തങ്ങളുടെ ക്യാമ്പിൽ ചാരപ്പണി നടത്തി, ഗുരുതര ആരോപണവുമായി എഫ്സി ഗോവ.
നാളെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരുടെ പോരാട്ടമാണ് അരങ്ങേറുക. എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. മുംബൈ സിറ്റിയുടെ മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നാളെ രാത്രി 7:30നാണ് ഈ മത്സരം കാണാൻ സാധിക്കുക.
എന്നാൽ ഈ മത്സരവുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. അതായത് ഈ മത്സരത്തിനു മുന്നോടിയായുള്ള ഗോവയുടെ ട്രെയിനിങ് സെഷനുകൾ മുംബൈയിൽ വച്ച് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.എന്നാൽ മുംബൈ സിറ്റിയുടെ ഒരു വ്യക്തി ഈ ട്രെയിനിങ് സെഷനിലേക്ക് അനുമതി ഇല്ലാതെ കടന്ന് കയറുകയും ഗോവയുടെ ട്രെയിനിങ് വീഡിയോസ് പകർത്തുകയും ചെയ്തു. ഇത് ഗോവൻ താരങ്ങളും ഒഫീഷ്യൽസും കൈയോടെ പിടികൂടുകയായിരുന്നു.
ഗോവയുടെ മത്സരങ്ങളുടെ തന്ത്രങ്ങൾ ചോർത്താൻ വേണ്ടി മുംബൈ സിറ്റിയുടെ ഒരു പ്രതിനിധിയാണ് ഈ വീഡിയോസ് റെക്കോർഡ് ചെയ്തിട്ടുള്ളത്. എന്നാൽ ഗോവൻ താരങ്ങൾ ഇത് പിടികൂടുകയായിരുന്നു.തുടർന്ന് അവർ ഐഎസ്എൽ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഖേൽ നൗ എന്ന മാധ്യമമാണ്. ഗോവയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഖേൽ നൗവിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ മുംബൈ സിറ്റി ഇക്കാര്യത്തിൽ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല. ഇത് നിരസിക്കുകയോ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടില്ല. ഗോവയുടെ പരിശീലകനായ മനോളോ മാർക്കസിനോട് പ്രസ് കോൺഫറൻസിൽ ഇതിനെപ്പറ്റി ചോദിച്ചിരുന്നു.മുംബൈ സിറ്റിയുടെ ഫോട്ടോഗ്രാഫറോട് ചോദിക്കൂ,അവനായിരുന്നു ഞങ്ങളുടെ ട്രെയിനിങ് സെഷനിൽ ഉണ്ടായിരുന്നത്,ഇതാണ് ഗോവയുടെ പരിശീലകൻ പറഞ്ഞത്.അതായത് സംഭവം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്.
ഐഎസ്എൽ ഇക്കാര്യത്തിൽ അന്വേഷണങ്ങൾ നടത്തി നടപടികൾ സ്വീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗോവ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാലു ഗോളുകൾക്ക് അവരെ തോൽപ്പിച്ചത്.