കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികയേൽ സ്റ്റാറെയിലേക്കാണ് എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും കണ്ണുകൾ ഉള്ളത്.കേരള ബ്ലാസ്റ്റേഴ്സിനെ എങ്ങനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അത് തിരുത്തി കുറിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടുകൂടി മാത്രമാണ് ഈ പരിശീലകനെ കൊണ്ടുവന്നിട്ടുള്ളത്.
മികച്ച ഒരു കോച്ചിംഗ് സ്റ്റാഫും ഇപ്പോൾ ഇദ്ദേഹത്തിനുണ്ട്.തന്നെ നന്നായി അറിയുന്ന,വളരെയധികം പരിചയ സമ്പത്തുള്ള ഒരു അസിസ്റ്റന്റ് പരിശീലകനെ തന്നെ ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തിന് കീഴിൽ നിയമിച്ചിട്ടുണ്ട്. കൂടാതെ മികച്ച താരങ്ങളെ വെറും ദിവസങ്ങളിൽ ക്ലബ്ബ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സ്‌ക്വാഡിനായിരിക്കും ഇത്തവണ മുൻഗണന നൽകുക.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റാറെ ലൈവിൽ വന്നിരുന്നു. ഇറാനി ഖാൻ ആയിരുന്നു ഈ പരിശീലകനെ ഇന്റർവ്യൂ ചെയ്തിരുന്നത്. എങ്ങനെയാണ് സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യുക എന്ന് ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. പരിശീലകൻ എന്ന ജോലിയുടെ ഭാഗമാണ് പ്രഷർ എന്നും ഈ പ്രഷർ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഒരു നല്ല പരിശീലകനായി മാറാൻ സാധിക്കില്ല എന്നുമാണ് സ്റ്റാറേയുടെ മറുപടി.അതായത് പ്രഷർ കൈകാര്യം ചെയ്തു തനിക്ക് പരിചയമുണ്ട് എന്ന് തന്നെയാണ് ഇദ്ദേഹം.
എങ്ങനെയാണ് താരങ്ങളുടെ പരിക്കുകളെ ഹാൻഡിൽ ചെയ്യുക എന്ന് ഇദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.അതിനും വളരെ യാഥാർത്ഥ്യബോധ്യത്തോട് കൂടിയുള്ള ഒരു മറുപടി ഇദ്ദേഹം നൽകിയിട്ടുണ്ട്.സ്റ്റാറെ പറഞ്ഞത് ഇപ്രകാരമാണ്. ‘ നിങ്ങൾ ഒരുപാട് പ്രാക്ടീസ് ചെയ്താലും നിങ്ങൾ വളരെ കുറച്ച് പ്രാക്ടീസ് ചെയ്താലും നിങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാദിവസവും താരങ്ങളുടെ ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.ഫുട്ബോളിന്റെ ഭാഗമാണ് പരിക്കുകൾ.സാധാരണ 10% താരങ്ങൾക്കെങ്കിലും പരിക്കുകൾ ഉണ്ടാവാറുണ്ട്,ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യം പരിക്കുകൾ തന്നെയാണ്.കഴിഞ്ഞ സീസണിൽ സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റതോട് കൂടിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റിയത്. വരുന്ന സീസണിൽ പരിക്കുകൾ വില്ലനാവരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ ഉള്ളത്.