കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം.10 വർഷം പൂർത്തിയാക്കിയിട്ടും കരിയറിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതിന് അറുതി വരുത്താൻ ഈ സ്വീഡിഷ് പരിശീലകന് കഴിയുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനേക്കാൾ പ്രായമുള്ളതാണ്.
വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ഈ പരിശീലകന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.അത് സ്വാഭാവികമായ ഒരു കാര്യമാണ്. പുതിയ പരിശീലകനാണെങ്കിലും താരമാണെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.സ്റ്റാറെക്കും അത് തന്നെയാണ് ലഭിച്ചിരിക്കുന്നത്.ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്‍റെ എണ്ണം ഒരൊറ്റ ദിവസം കൊണ്ട് ഒരു ലക്ഷം കവിഞ്ഞിരുന്നു. ഇത് സ്വീഡിഷ് മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്.
ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നു. ആരാധകരുടെ പിന്തുണയിൽ അദ്ദേഹം അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ആരാധക പിന്തുണ ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിന്റെ വലുപ്പത്തെയാണ് കാണിക്കുന്നതെന്നും ഒരുപാട് ആരാധകരെ ബാധിക്കുന്ന ഒരു ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സ്റ്റാറെ പറഞ്ഞിട്ടുള്ളത്.സ്വീഡിഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
സൈൻ ചെയ്ത ഉടനെ തന്നെ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് എനിക്ക് ലഭിച്ചു കഴിഞ്ഞു.ഇന്ത്യ ഒരു വലിയ രാജ്യമാണ്.വളരെയധികം എക്സൈറ്റിംഗ് ആയ ഒരു ടാസ്ക്കാണ് എന്റെ മുന്നിലുള്ളത്.കാരണം ഈ ക്ലബ്ബ് ഒരുപാട് പേരുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്,ഒരുപാട് ആളുകളെ ബാധിക്കുന്ന ഒന്നാണ്.പക്ഷേ അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ച് ഒന്നും ഞാൻ ചിന്തിക്കുന്നില്ല. അതൊക്കെ നമുക്ക് കാത്തിരുന്നു കാണാം,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരിശീലകൻ ജൂലൈ മാസത്തിൽ ഒരുക്കങ്ങൾ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്.ഡ്യൂറന്റ് കപ്പാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ആദ്യത്തെ ടൂർണമെന്റ്.അതിനുമുൻപ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും.