സമീപകാലത്തെ ഏറ്റവും മോശം തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് ലഭിച്ചിട്ടുള്ളത്.11 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ ആറു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. സ്വന്തം മൈതാനത്തും എതിരാളികളുടെ മൈതാനത്തും ഒരുപോലെ പരാജയപ്പെടുന്ന ബ്ലാസ്റ്റേഴ്സിനെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്.അതുകൊണ്ടുതന്നെ ആരാധകരുടെ ക്ഷമ നശിച്ചിട്ടുണ്ട്. ക്ലബ്ബിനെതിരെയും മാനേജ്മെന്റിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ തന്നെ പലവിധ അഭിപ്രായങ്ങളുമുണ്ട്. അതിലൊന്ന് പരിശീലകനായ മികയേൽ സ്റ്റാറേയെ പുറത്താക്കണം എന്നാണ്. അദ്ദേഹത്തിന്റെ ആക്രമണ ശൈലി ബ്ലാസ്റ്റേഴ്സിൽ വർക്കാവുന്നില്ല എന്നാണ് പലരും വിലയിരുത്തിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് നന്നായി അറ്റാക്ക് നടത്തുന്നുണ്ട്. പക്ഷേ ഫൈനൽ തേഡിൽ അവസരങ്ങൾ മുതലെടുക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് മികവ് കാണിക്കുന്നില്ല.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ദൗർബല്യം പ്രതിരോധ നിര തന്നെയാണ്. ആക്രമണത്തിന് മുൻതൂക്കം നൽകുന്ന സ്റ്റാറേ പ്രതിരോധം പാടെ മറക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.
അതുകൊണ്ടുതന്നെ സ്റ്റാറേയെ പുറത്താക്കി മറ്റൊരു പരിശീലകനെ കൊണ്ടുവന്നാൽ ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് ഒരു കൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ ഇതിനെ എതിർക്കുന്ന മറ്റൊരു കൂട്ടം ആരാധകരെയും നമുക്ക് കാണാൻ കഴിയും. അതായത് സ്റ്റാറേയെ പുറത്താക്കിയത് കൊണ്ട് കാര്യമില്ല എന്നാണ് ഈ കൂട്ടം ആരാധകർ വാദിക്കുന്നത്. കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം സ്റ്റാറേയല്ല. മറിച്ച് ക്ലബ്ബ് മാനേജ്മെന്റും താരങ്ങളുമാണ്.
മികച്ച താരങ്ങളെ വിറ്റഴിക്കുന്ന, പകരം മികച്ച താരങ്ങളെ കൊണ്ടുവരാൻ മടിക്കുന്ന ക്ലബ്ബ് മാനേജ്മെന്റാണ് ആദ്യം മാറേണ്ടത് എന്നാണ് ചില ആരാധകരുടെ അഭിപ്രായം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്‌ക്വാഡ് ദുർബലമാണ്. പ്രത്യേകിച്ച് റൈറ്റ് ബാക്ക് പൊസിഷനും റൈറ്റ് വിങ്ങ് ഫോർവേഡ് പൊസിഷനുക്കെ ദുർബലമാണ്. ഒരു മികച്ച ഇന്ത്യൻ ഡിഫൻസീവ് മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്സിന് ഇല്ല. പ്രതിരോധത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഇങ്ങനെ ടീമിനകത്താണ് പ്രശ്നം, അല്ലാതെ പരിശീലകനെ മാത്രം മാറ്റിയത് കൊണ്ട് കാര്യമില്ല എന്നാണ് ഒരുകൂട്ടം ആരാധകര്‍ വാദിക്കുന്നത്.
ഏതായാലും ആരാധകർക്കിടയിൽ തർക്കം മുറുകുകയാണ്. മഞ്ഞപ്പട ഉൾപ്പെടെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മകൾ വലിയ പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയും പോസിറ്റീവായ റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ലെങ്കിൽ ആരാധകർ പൂർണമായും ക്ലബ്ബിനെ കൈവിടാൻ തന്നെയാണ് സാധ്യത.