കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഇപ്പോൾ പരാജയപ്പെട്ടു കഴിഞ്ഞു. ബംഗളൂരു എഫ്സി,മുംബൈ സിറ്റി എഫ്സി എന്നിവരോട് പരാജയപ്പെട്ടതിന് പിന്നാലെ ഹൈദരാബാദിനോടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ തോൽവിക്ക് ഒരു പരിധിവരെ നമുക്ക് റഫറിയെ കുറ്റപ്പെടുത്താം.പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാണ് എന്ന് പറയാതിരിക്കാൻ വയ്യ.
മുമ്പത്തെ സീസണുകളിൽ കൊച്ചിയിലെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.എന്നാൽ ഇപ്പോൾ കൊച്ചിയിൽ പോലും വിജയിക്കാൻ കഴിയുന്നില്ല. ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം തുടരുന്നതോടെ ആരാധകർ വലിയ ദേഷ്യവും നിരാശയും പ്രകടിപ്പിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട പോരായ്മ പ്രതിരോധനിര തന്നെയാണ്.അവസാനമായി കളിച്ച 19 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലീൻ ഷീറ്റ് നേടാൻ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ കഴിഞ്ഞിട്ടില്ല.ഈ സീസണിൽ 8 മത്സരങ്ങൾ സ്റ്റാറേക്ക് കീഴിൽ കളിച്ചു.8 മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടുണ്ട്.
സ്റ്റാറേ ആക്രമണശൈലിക്ക് മുൻതൂക്കം നൽകുന്ന വ്യക്തിയാണ്.ബ്ലാസ്റ്റേഴ്സിലും ഈ ശൈലി തന്നെയാണ് കാണാൻ കഴിയുന്നത്.പക്ഷേ പ്രശ്നം എന്തെന്നാൽ അപ്പോൾ ഡിഫൻസ് വളരെ മോശമാകുന്നു എന്നതാണ്. തിരികെ അറ്റാക്കുകള്‍ വരുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് ആടി ഉലയുന്നത് നമുക്ക് കാണാൻ കഴിയും. ഇതിനെതിരെ ആരാധകർ ഇപ്പോൾ ശബ്ദമുയർത്തിക്കഴിഞ്ഞു.
അറ്റാക്ക് മാത്രം മതിയോ ആശാനേ? ഡിഫൻസ് കൂടി നോക്കേണ്ടേ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് വളരെ ദുർബലമാണ് എന്ന് പറയാതിരിക്കാൻ വയ്യ. ഭൂരിഭാഗം താരങ്ങളും മോശം പ്രകടനമാണ് നടത്തുന്നത്.മുന്നേറ്റ നിര താരങ്ങളിൽ പലരും ഡിഫൻസിനെ സഹായിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ഇത് പരിഹരിച്ചിട്ടില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ താഴെ തന്നെ കിടക്കേണ്ടിവരും.