മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരമാണ് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഇപ്പോൾ പ്രധാനപ്പെട്ട ചർച്ച വിഷയം. ഇങ്ങനെയൊരു മത്സരം ഇതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.റെഡ് കാർഡുകളും യെല്ലോ കാർഡുകളുമായി ഒരു കളർഫുൾ കളിയാണ് ഇന്നലെ അവസാനിച്ചത്.റഫറി യഥേഷ്ടം കാർഡുകൾ വാരി വിതറുന്ന കാഴ്ചയാണ് ഈ മത്സരത്തിൽ കാണാൻ കഴിഞ്ഞത്.
മുംബൈ സിറ്റിയുടെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ മുംബൈക്ക് സാധിച്ചു. മത്സരത്തിൽ കമ്മിങ്സിലൂടെ മോഹൻ ബഗാനായിരുന്നു ആദ്യം മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് മുംബൈയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തു. അതിനുശേഷം ബിപിൻ സിങ്ങിന്റെ ഗോളിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ ആകെ 7 റെഡ് കാർഡുകളാണ് പിറന്നത്. അതിനുപുറമെ 11 യെല്ലോ കാർഡുകളും പിറന്നിട്ടുണ്ട്.റഫറി യാതൊരു നിയന്ത്രണവും ഇല്ലാതെ കാർഡുകൾ വാരിവിതറിയത് എല്ലാവരിലും അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. മത്സരത്തിൽ മികച്ച പ്രകടനമാണ് സൂപ്പർ താരം ഗ്രേഗ് സ്റ്റുവർട്ട് നടത്തിയത്.ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് മത്സരത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ മത്സരത്തിൽ അദ്ദേഹത്തിന് റെഡ് കാർഡ് കാണേണ്ടി വന്നു.
അതായത് മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ അദ്ദേഹം ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു. തുടർന്ന് 88ആം മിനുട്ടിൽ മറ്റൊരു യെല്ലോ കാർഡ് കൂടി അദ്ദേഹത്തിന് ലഭിച്ചു. ഫൗൾ അഭിനയിച്ചതിനായിരുന്നു കാർഡ് ലഭിച്ചത്.ഇതോടെ റെഡ് കാർഡ് ആയി മാറുകയായിരുന്നു. റെഡ് കാർഡ് ലഭിച്ച് പുറത്തേക്ക് പോകുന്ന സമയത്ത് അദ്ദേഹം കാണിച്ച ആംഗ്യം വലിയ രൂപത്തിൽ വിവാദമായിട്ടുണ്ട്.പണത്തിന്റെ ആംഗ്യമാണ് അദ്ദേഹം കാണിച്ചിട്ടുള്ളത്.റഫറിയുടെ തൊട്ടുമുന്നിൽ വച്ചു കൊണ്ടാണ് ഈ ആംഗ്യം കാണിച്ചുകൊണ്ട് എന്തോ ഒന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പക്ഷേ അത് റഫറിയോട് അല്ല, മറിച്ച് റഫറിയുടെ തൊട്ടു പിറകിൽ ഉണ്ടായിരുന്ന മോഹൻ ബഗാൻ ഹക്ടർ യൂസ്റ്റേയോടാണ് അദ്ദേഹം നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും മത്സരത്തിൽ അഴിമതി ആരോപിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
ഒന്നുകിൽ റഫറിയോട് പണം ലഭിച്ചു അല്ലേ എന്ന് ചോദിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അല്ലെങ്കിൽ മോഹൻ ബഗാൻ താരത്തോട് പണം എറിഞ്ഞുവല്ലേ എന്ന് ചോദിക്കുകയാണ് ചെയ്തിട്ടുള്ളത്.രണ്ടായാലും ഗുരുതരമായ തെറ്റ് തന്നെയാണ്. എന്ത് നടപടിയാണ് AIFF എടുക്കുക എന്നത് കാത്തിരുന്നു കാണണം. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷ വിധിക്കാനുള്ള ആവേശം AIFF ന് ഉണ്ടാകുമോ എന്നതാണ് അറിയേണ്ടത്. അത്രയും ഗുരുതരമായ ഒരു തെറ്റ് തന്നെയാണ് റഫറിയുടെ മുന്നിൽ വച്ച് അദ്ദേഹം നടത്തിയിട്ടുള്ളത്.ഐഎസ്എല്ലിൽ അഴിമതി ആരോപണം നടത്തിയ അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷ സ്വീകരിച്ചില്ലെങ്കിൽ അതിനീതികേടാവും.