ലൂണയും ഓഗ്ബച്ചെയും സ്വാധീനം ചെലുത്തി: തുറന്ന് പറഞ്ഞ് ഇന്ത്യൻ പരിശീലകൻ!
ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് ഇപ്പോൾ തന്റെ പരിശീലക സ്ഥാനം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഖത്തറിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതോടെ ഇന്ത്യ യോഗ്യത റൗണ്ടിൽ പുറത്താവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഈ പരിശീലകനെ പുറത്താക്കിയത്.കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ഇദ്ദേഹമാണ്.
പുറത്താക്കിയതിനുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സ്റ്റിമാച്ച് ഇന്നലെ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെയും അതിന്റെ അധികാരികൾക്കെതിരെയും വലിയ വിമർശനങ്ങളാണ് ഈ പരിശീലകൻ ഉന്നയിച്ചിട്ടുള്ളത്. ഇന്ത്യൻ ഫുട്ബോൾ തടവിലാണ് എന്നാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.
ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് ദീർഘ നേരം ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ സ്വാധീനം ചെലുത്തിയ വിദേശ താരങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഓഗ്ബച്ചെ എന്നിവരെ ഇദ്ദേഹം പ്രത്യേകം എടുത്തു പ്രശംസിച്ചിട്ടുണ്ട്.ഇഗോർ സ്റ്റിമാച്ച് പറഞ്ഞത് ഇങ്ങനെയാണ്.
വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ,ഓഗ്ബച്ചെ എന്നിവരെപ്പോലെയുള്ളവർ ഇന്ത്യൻ താരങ്ങളിൽ വളരെ വലിയ രൂപത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ബാക്കിയുള്ളതൊക്കെ അവിടെ കിടക്കുകയാണ്, കാരണം ഈ ഇന്ത്യൻ താരങ്ങൾക്ക് മറ്റുള്ള സ്ഥലങ്ങളിൽ ഒന്നും തന്നെ അവസരങ്ങൾ ലഭിക്കില്ലല്ലോ? ഇതാണ് ഇന്ത്യയുടെ മുൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്ത്യൻ സൂപ്പർ ലീഗ് വന്നതിനുശേഷം ഒരുപാട് മാറ്റങ്ങൾ ഇന്ത്യൻ താരങ്ങളിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ സമീപകാലത്ത് മോശം പ്രകടനമാണ് ഇന്ത്യയുടെ ദേശീയ ടീം നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 124ആം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയിട്ടുള്ളത്. ഒരു വലിയ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ആവശ്യമാണ്.