ക്യാപ്റ്റൻ,ലീഡർ,ലെജന്റ്..! സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു!
ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രി ഇനി ഇന്ത്യക്കൊപ്പം ഉണ്ടാവില്ല.അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഏകദേശം 10 മിനിറ്റോളം വരുന്ന വീഡിയോ വഴിയാണ് താൻ ബൂട്ടഴിക്കുന്ന വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കുവൈത്തിനെതിരെയുള്ള ഇന്ത്യയുടെ മത്സരം തന്റെ അവസാനത്തെ മത്സരമായിരിക്കും എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.ഇനി ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഇപ്പോൾ പടിയിറങ്ങുന്നത്.
ഇന്ത്യയുടെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം സുനിൽ ചേത്രി തന്നെയാണ്.39 വയസ്സുള്ള ഈ താരം 2005 മുതൽ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കുന്നുണ്ട്. ആകെ 150 മത്സരങ്ങൾ കളിച്ച താരം 94 ഗോളുകൾ നേടിയിട്ടുണ്ട്. ലോക ഫുട്ബോളിൽ അന്താരാഷ്ട്ര ടീമുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇന്ത്യയുടെ ഈ ക്യാപ്റ്റൻ.
ജൂൺ ആറാം തീയതിയാണ് വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയും കുവൈത്തും തമ്മിൽ ഏറ്റുമുട്ടുന്നത്. ആ മത്സരത്തിലാണ് അവസാനമായി ചേത്രിയെ കാണാൻ സാധിക്കുക.ഇന്ത്യ ഗോളടിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന താരമാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അഭാവം വലിയ ഒരു വിടവ് തന്നെയായിരിക്കും ഇന്ത്യൻ ദേശീയ ടീമിൽ സൃഷ്ടിക്കുക.