എതിരാളികൾ ആരെന്നുള്ളത് കാര്യമാക്കുന്നില്ല, നയം വ്യക്തമാക്കി സുനിൽ ഛേത്രി!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിനു വേണ്ടിയാണ് നാളെ ഇറങ്ങുന്നത്. എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. അവരുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഈ മത്സരം കളിക്കേണ്ടി വരുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ട് ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ സമയത്ത് ബ്ലാസ്റ്റേഴ്സ് ഒരു വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു.
അതിന് പ്രതികാരം വീട്ടണമെങ്കിൽ ഈ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.ബംഗളൂരു ഈ സീസണിൽ മികച്ച തുടക്കം ഉണ്ടാക്കിയെടുത്തിരുന്നു.എന്നാൽ ഇപ്പോൾ അവർ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അത് കേരള ബ്ലാസ്റ്റേഴ്സ് മുതലെടുക്കേണ്ടതുണ്ട്. കൊച്ചിയിലെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലർത്തിയെതെങ്കിലും നിർഭാഗ്യവശാൽ അന്ന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
നാളത്തെ മത്സരത്തിനു മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ ബംഗളൂരു എഫ്സിയുടെ സൂപ്പർ താരമായ സുനിൽ ഛേത്രി പങ്കെടുത്തിരുന്നു. സ്വന്തം മൈതാനമായ ശ്രീകണ്ഠീരവയിൽ വെച്ച് കളിക്കുമ്പോൾ എതിരാളികൾ ആര് എന്നുള്ളത് വിഷയമാക്കുന്നില്ല എന്നാണ് സുനിൽ ഛേത്രി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ഇവിടെയുള്ള എല്ലാവരും ഫിറ്റാണ്.മാത്രമല്ല വളരെയധികം മോട്ടിവേറ്റഡുമാണ്. ഞങ്ങൾ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ എതിരാളികൾ ആരാണ് എന്നുള്ളത് വിഷയമല്ല.ഞങ്ങൾ നല്ല രൂപത്തിലാണ്.കൂടുതൽ കരുത്തരായി അനുഭവപ്പെടുന്നു.വളരെ ഐക്യത്തോട് കൂടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ ശക്തരാണ് ‘ഇതാണ് സുനിൽ ഛേത്രി പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് വളരെ ദയനീയമായ ഒരു പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഇതിൽ നിന്നും കരകയറണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഒരു വിജയം അനിവാര്യമാണ്.