കേരളത്തിലെ ഫുട്ബോൾ ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് സൂപ്പർ ലീഗ് കേരളക്ക് വേണ്ടിയാണ്. കേരളത്തിലെ ആറ് പ്രമുഖ ടീമുകൾ തമ്മിലാണ് ഈ കോമ്പറ്റീഷനിൽ മാറ്റുരക്കുന്നത്.കൊച്ചി,മലപ്പുറം,കാലിക്കറ്റ്,കണ്ണൂർ,തൃശ്ശൂർ,തിരുവനന്തപുരം എന്നിവരാണ് ടീമുകൾ.4 സ്റ്റേഡിയങ്ങളിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്.കൊച്ചി,തിരുവനന്തപുരം,മലപ്പുറം,കോഴിക്കോട് എന്നിവിടങ്ങളിൽ വച്ചുകൊണ്ടാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ഇതിന്റെ ഫിക്സ്ച്ചർ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ആദ്യ മത്സരത്തിൽ മലപ്പുറവും കൊച്ചിയും തമ്മിലാണ് ഏറ്റുമുട്ടുക. സെപ്റ്റംബർ ഏഴാം തീയതി കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് കൊണ്ട് തന്നെയാണ് സൂപ്പർ ലീഗ് കേരളയും നടക്കുന്നത്.
നവംബർ പത്താം തീയതിയാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്.സൂപ്പർ ലീഗ് കേരളയിൽ പ്രധാനപ്പെട്ട പല വിദേശ താരങ്ങളും വിദേശ പരിശീലകരും മുൻ ഐഎസ്എൽ താരങ്ങളും ഒക്കെ പങ്കെടുക്കുന്നുണ്ട്. അതിന്റെ നിയമങ്ങൾ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് സ്‌ക്വാഡിൽ പരമാവധി 6 വിദേശ താരങ്ങളെയാണ് ഉൾപ്പെടുത്താൻ കഴിയുക. കൂടാതെ ചുരുങ്ങിയത് 10 കേരളത്തിലെ താരങ്ങൾ എങ്കിലും ഒരു സ്‌ക്വാഡിൽ വേണം. ഇതിന് പുറമെ ചുരുങ്ങിയത് 5 ഡെവലപ്മെന്റ് താരങ്ങൾ എങ്കിലും സ്‌ക്വാഡിൽ നിർബന്ധമാണ്.ഡെവലപ്മെന്റ് താരങ്ങൾ എന്നുവച്ചാൽ യുവ താരങ്ങളാണ്.2002 ന് ശേഷം ജനിച്ച താരങ്ങളാണ് ഈ കാറ്റഗറിയിൽ വരിക.
ഇനി സ്റ്റാർട്ടിങ് ഇലവന്റെ റൂൾ കൂടി നോക്കാം. ആദ്യ ഇലവനിൽ പരമാവധി നാല് വിദേശ താരങ്ങളെയാണ് ഉൾപ്പെടുത്താൻ കഴിയുക. ചുരുങ്ങിയത് രണ്ട് ഡെവലപ്മെന്റ് താരങ്ങൾ എങ്കിലും വേണം.ചുരുങ്ങിയത് ഒരു കേരള താരമെങ്കിലും സ്റ്റാർട്ടിങ് ഇലവനിൽ വേണം.ഇതാണ് നിയമങ്ങളായി കൊണ്ട് വരുന്നത്. ഏതായാലും മികച്ച മത്സരങ്ങൾ കാണാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.