നാളെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന ആറാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബംഗളൂരു എഫ്സിയാണ്.കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈയൊരു മത്സരം കളിക്കുക.ചിരവൈരികളായ ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരം ആരാധകർക്ക് ഒരു അഭിമാന പോരാട്ടമാണ്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ മത്സരത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.
ബംഗളൂരു ഇപ്പോൾ മാരക ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.5 മത്സരങ്ങൾ കളിച്ചിട്ടും ഒരു തോൽവി പോലും അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.നാലുമത്സരങ്ങളിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് അവരാണ്. ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല.അങ്ങനെ എല്ലാ നിലയിലും മികച്ച ഫോമിലാണ് അവർ ഉള്ളത്.
അവരെ തോൽപ്പിക്കുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇന്നത്തെ പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറേയോട് ടാക്ടിക്സിനെ കുറിച്ച് ചോദിച്ചിരുന്നു. എതിരാളികളെ നേരിടാൻ എന്തെങ്കിലും പ്രത്യേകതരം ടാക്ടിക്സ് ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു.വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി പറഞ്ഞിട്ടുള്ളത്.
എനിക്ക് നിങ്ങളോട് ടാക്റ്റിക്സ് ഒന്നും പറയാൻ കഴിയില്ല, എന്നെ കാണാൻ കൊള്ളില്ലായിരിക്കാം, പക്ഷേ ഞാനൊരു വിഡ്ഢിയല്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ ചിരിച്ചു കൊണ്ട് പറഞ്ഞിട്ടുള്ളത്. ഇത് എല്ലാവരിലും ചിരി പടർത്തുകയും ചെയ്തു. ഏതായാലും എതിരാളികളെ പരാജയപ്പെടുത്താൻ സ്റ്റാറേ സർവ്വ തന്ത്രങ്ങളും പുറത്തെടുക്കും എന്ന് ഉറപ്പാണ്.