ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടങ്ങൾ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് നാലാം റൗണ്ടിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഒഡീഷയോട് 2-2 എന്ന സ്കോറിനാണ് സമനില വഴങ്ങേണ്ടി വന്നത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദോയിയും ജീസസ് ജിമിനസുമാണ് തിളങ്ങിയിട്ടുള്ളത്.
രണ്ട് പേരും ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതം നേടുകയായിരുന്നു.വിജയിക്കാൻ സാധിക്കുമായിരുന്ന ഒരു മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.ഇപ്പോഴിതാ ഐഎസ്എൽ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരേയൊരു താരം മാത്രമാണ് ഇടം നേടിയിട്ടുള്ളത്.അത് മറ്റാരുമല്ല,നോഹ സദോയിയാണ്.
അർഹിച്ച സ്ഥാനമാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ നോഹ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഗോൾകീപ്പർ ആയിക്കൊണ്ട് ജംഷഡ്പൂരിന്റെ ആൽബിനോ ഗോമസാണ് ഉള്ളത്. തകർപ്പൻ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം നടത്തിയിരുന്നത്.
പ്രതിരോധനിരയിൽ സുഭാഷിസ് ബോസ്,അലക്സ് ഷാജി,സ്റ്റീഫൻ എസെ,രാഹുൽ ഭേക്കെ എന്നിവരാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. മധ്യനിരയിൽ അഹ്‌മദ് ജാഹൂ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മോഹൻ ബഗാൻ താരമായ ഗ്രെഗ് സ്റ്റുവർട്ട്,നെസ്റ്റർ ആൽബിച്ച് എന്നിവരും ഇടം കണ്ടെത്തിയിട്ടുണ്ട്. മുന്നേറ്റ നിരയിലാണ് നോഹ വരുന്നത്. കൂടാതെ മറ്റൊരു മൊറോക്കൻ സൂപ്പർ താരമായ അജാറേയും വരുന്നു. ഗോവയുടെ സാദിക്കു കൂടി വരുന്നതോടെ ഈ ഇലവൻ പൂർത്തിയാവുകയാണ്.
മിന്നുന്ന പ്രകടനം നടത്തിയ എല്ലാവരും ഈ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്സിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നത് നോഹ തന്നെയാണ്.വരുന്ന മത്സരങ്ങളിലും അദ്ദേഹം കൂടുതൽ മികവ് കാണിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്ത മത്സരത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.