ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല :അഡ്രിയാൻ ലൂണ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ മൂന്നാമത്തെ മത്സരത്തിന് വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്.ഇന്ന് വൈകിട്ട് 7:30നാണ് ഈയൊരു മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഇന്ന് കളിക്കുന്നത്.
ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ വിജയം സ്വന്തമാക്കിയിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നില്ല.അസുഖം മൂലം അദ്ദേഹം പുറത്തിരിക്കുകയായിരുന്നു. ഡെങ്കിപ്പനിയാണ് അദ്ദേഹത്തിന് ബാധിച്ചത് എന്ന് പിന്നീട് വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ട്രെയിനിങ് പുനരാരംഭിച്ചത്.എന്നാൽ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ലൂണ കളിക്കാൻ സാധ്യത കുറവാണ്. ഏതായാലും കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ തന്റെ അസുഖത്തെ പറ്റി ലൂണ സംസാരിച്ചിട്ടുണ്ട്.ഇത് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അധികം വൈകാതെ തന്നെ പരിശീലകന് താൻ ലഭ്യമാകും എന്നും ലൂണ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ ഞാൻ പൂർണ്ണമായും റിക്കവർ ആയി എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല. എനിക്കത് നിയന്ത്രിക്കാൻ കഴിഞ്ഞതുമില്ല.നിലവിൽ ഞാൻ പരിശീലനം പതിയെ പതിയെ ആരംഭിച്ചിട്ടുണ്ട്.അധികം വൈകാതെ തന്നെ പരിശീലകനെ ഞാൻ ലഭ്യമാകും ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ലൂണയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.അദ്ദേഹത്തിന്റെ അഭാവം ഒരു വലിയ വിടവ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.താരം വരുന്നതോടുകൂടിയാണ് കൂടുതൽ ക്രിയേറ്റീവ് ആയിട്ടുള്ള മുന്നേറ്റങ്ങൾ നമുക്ക് കാണാൻ കഴിയുക.ലൂണ തിരികെ വരുമ്പോൾ കോയെഫിനായിരിക്കും സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുക.