2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ മലയാളി താരമാണ് നിഹാൽ സുധീഷ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന് വേണ്ടി താരം കുറച്ചു മത്സരങ്ങൾ ഒക്കെ കളിച്ചിട്ടുണ്ട്.എന്നാൽ കൂടുതൽ അവസരങ്ങൾക്ക് വേണ്ടി ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സിയിലേക്കാണ് അദ്ദേഹം പോയത്. ലോൺ അടിസ്ഥാനത്തിലാണ് അവർക്ക് വേണ്ടി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.
ഇതുവരെ ഗംഭീര പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാവാനും നിഹാലിന് കഴിഞ്ഞിട്ടുണ്ട്. ഏതായാലും പുതുതായി ഖേൽ നൗവിന് നൽകിയ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക എന്നുള്ളത് കേരളത്തിലെ ഓരോരുത്തരുടെയും സ്വപ്നമാണ് എന്നാണ് നിഹാൽ പറഞ്ഞിട്ടുള്ളത്.
പലരും സ്വപ്നം കാണുന്ന ഒരു ജീവിതമാണ് തനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി കൊണ്ടാണ് അദ്ദേഹം പരിഗണിക്കുന്നത്.നിഹാൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്.
‘ എന്താണ് നിങ്ങളുടെ സ്വപ്നം എന്ന് കേരളത്തിലുള്ള ആരോട് ചോദിച്ചാലും അവർ മറുപടി നൽകുക കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കണം എന്നുള്ളതാണ്.എല്ലാവരും ഈ ടീമിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നു. പലരുടെയും സ്വപ്നങ്ങളിൽ ആണ് ഞാനിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.ഈ ക്ലബ്ബിനെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു ‘ഇതാണ് നിഹാൽ പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ മികച്ച പ്രകടനം ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ലോൺ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ മടങ്ങിയെത്തും.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടായിരുന്നു നിഹാൽ ലോണിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നത്.